ലോക്ക‍്‍ഡൗണിൻെറ തുടക്കകാലത്ത് നമുക്ക് ഉൾക്കൊള്ളാൻ പ്രയാസം തോന്നിയതും എന്നാലിപ്പോൾ ജീവിതത്തിൻെറ ഭാഗമായതുമായ നിരവധി കാര്യങ്ങളുണ്ട്. അടച്ചിടലിൻെറ തുടക്കകാലത്തെ രണ്ട് വർഷത്തിനപ്പുറത്തേക്ക് പോയി ഒന്ന് നോക്കിയാലോ...
മാസ‍്‍ക്, സാനിറ്റൈസർ
മാസ്കുകളും (Masks) സാനിറ്റൈസറുകളും ഇന്ന് നമ്മുടെ നിത്യജീവിത്തിൻെറ ഭാഗമാണ്. ലോക്ക‍്‍ഡൗൺ പ്രഖ്യാപിച്ച സമയത്ത് ഇവയ്ക്ക് വേണ്ടിയാണ് ആളുകൾ നെട്ടോട്ടമോടിയത്. മാസ്കുകളും സാനിറ്റൈസറും പൂഴ്ത്തി വെക്കുകയും വിലകൂട്ടി വിൽക്കുകയുമൊക്കെ ചെയ്യുകയുണ്ടായി. ഒടുവിൽ സർക്കാരിൻെറ കർശന നിർദ്ദേശപ്രകാരമാണ് വിലയിൽ ഏകീകരണമുണ്ടായത്. ലോക്ക‍്‍ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് മാർച്ച് 13ന് തന്നെ മാസ്കുകളും സാനിറ്റൈസറുകളും അവശ്യവസ്തുക്കളായി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
advertisement
ട്രെയിനുകൾ സർവ്വീസ് നിർത്തി
ആദ്യത്തെ ലോക്ക‍്‍ഡൗൺ പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ ഇന്ത്യൻ റെയിൽവേ സർവീസ് താൽക്കാലികമായി നിർത്തിയിരുന്നു. സ്പെഷൽ ട്രെയിനുകൾ ഒഴിച്ച് നിർത്തിയാൽ പിന്നീട് മൂന്ന് മാസത്തേക്ക് റെയിൽവേ നിശ്ചലമായിരുന്നു. ജൂൺ ഒന്ന് മുതലാണ് സ്പെഷൽ ട്രെയിനുകൾ ഓടിത്തുടങ്ങിയത്.
ജനത കർഫ്യൂ
2020 മാർച്ച് 22നാണ് പ്രധാനമന്ത്രി ജനത കർഫ്യൂ പ്രഖ്യാപിക്കുന്നത്. അവശ്യ സേവനങ്ങളെ മാത്രമാണ് കർഫ്യൂവിൽ നിന്ന് മാറ്റിനിർത്തിയത്. 14 മണിക്കൂർ നേരം എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. വൈകിട്ട് 5 മണിക്ക് എല്ലാവരും അവരവരുടെ ബാൽക്കണികളിലോ വാതിലുകളിലോ എത്തി പാത്രം കൊട്ടുകയോ കൈ കൊട്ടുകയോ ചെയ്യണമെന്നും നിർദ്ദേശമുണ്ടായിരുന്നു. കോവിഡ് പോരാളികൾക്കുള്ള രാജ്യത്തിൻെറ ഐക്യദാർഡ്യമായിരുന്നു ഇത്.
കുടിയേറ്റ തൊഴിലാളികളുടെ മഹാദുരിതം
ബദ്നാപ്പൂർ - കർമദ് സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ ട്രാക്കിലായി ചിതറിക്കിടന്ന റൊട്ടികളുടെ ചിത്രം രാജ്യം അഭിമുഖീകരിക്കുന്ന ദുരന്തത്തിൻെറ ഭീതി വെളിവാക്കുന്ന പ്രതീകമായി മാറി. മഹാരാഷ്ട്രയിൽ നിന്ന് മധ്യപ്രദേശിലേക്ക് കാൽനടയായി പോവുകയായിരുന്ന 16 കുടിയേറ്റ തൊഴിലാളികളെ ഗുഡ്സ് ട്രെയിൻ ഇടിച്ചിടുകയായിരുന്നു. അവരുടെ കയ്യിലുണ്ടായിരുന്ന റൊട്ടിയാണ് ട്രാക്കിൽ ചിതറിത്തെറിച്ചത്. 2020 മെയ് 8ന് പുലർച്ചെയായിരുന്നു അപകടം.
കോവിഡ് നിയമങ്ങളുടെ ദുരുപയോഗം
നിയമപാലകർ കോവിഡ് നിയമം ദുരുപയോഗം ചെയ്യുന്നതും ലോക്ക‍്‍ഡൗൺ കാലത്ത് കണ്ടു. തമിഴ്നാട് സ്വദേശികളായ പി. ജയരാജിനെയും (60) മകൻ ജെ. ബെന്നിക്സിനെയും (31) തൂത്തുക്കുടി പൊലീസ് അറസ്റ്റ് ചെയ്യുന്നത് 2020 ജൂൺ 19നാണ്. അനുവദിച്ച സമയത്തിന് ശേഷവും ഇവരുടെ മൊബൈൽഷോപ്പ് തുറന്ന് വെച്ചുവെന്നായിരുന്നു കാരണം. ഇരുവരും സ്റ്റേഷനിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായിയെന്ന് ബന്ധുക്കൾ പറഞ്ഞു. ഇവരെ പിന്നീട് വിട്ടയച്ചുവെങ്കിലും അറസ്റ്റിന് 23 മണിക്കൂറുകൾക്ക് ശേഷം ഇരുവരും കോവിൽപ്പട്ടിയിലെ ഒരു ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു.
