കഴിഞ്ഞ ആറ് ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകൾ രേഖപ്പെടുത്തിയ ദിനമാണിത്. കഴിഞ്ഞ ദിവസം കോവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞതാണ് ഇതിന് കാരണമെന്നാണ് സൂചന. സാധാരണയായി പ്രതിദിനം പത്തുലക്ഷത്തോളം പേരിലാണ് കോവിഡ് പരിശോധന നടത്തി വന്നിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഏഴ് ലക്ഷം സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചത്. ഇതാകാം പോസിറ്റീവ് കേസുകളിൽ കുറവ് വരാൻ കാരണമായതായി കണക്കാക്കപ്പെടുന്നത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ കോവിഡ് കേസുകളിൽ പകുതിയില്‍ കൂടുതലും നാല് സംസ്ഥാനങ്ങളിൽ നിന്ന് മാത്രമാണ്.
advertisement
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ആകെ രോഗബാധിതരുടെ 52% റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം കേരളത്തിലും രോഗബാധിതരുടെ എണ്ണം ഉയർന്നു വരികയാണ്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 7445 പേർക്കാണ് കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത്. 1.75 ലക്ഷത്തിലധികം പേർക്കാണ് കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരുലക്ഷത്തോളം കേസുകൾ കഴിഞ്ഞ ഒരുമാസത്തിനിടെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തിലും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ കേരളം ഉൾപ്പെട്ടിട്ടുണ്ട്.
രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും രോഗമുക്തി നിരക്കിലും മുന്നിൽ നിൽക്കുന്നു എന്നത് രാജ്യത്തിന് ആശ്വാസം പകരുന്ന കാര്യമാണ്. 82.6% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം രാജ്യത്തെ ഇരുപത്തിയേഴാം ദിവസവും തുടർച്ചയായി ആയിരത്തിലധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒറ്റദിവസത്തിനിടെ 1,039 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 95,542 എത്തി നിൽക്കുകയാണ്.