ജനുവരി അഞ്ചിന് തുൽജാപൂർ താലൂക്കിലെ തമൽവാഡി സംഭരണ റിസർവോയറിന് സമീപം പുല്ലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ജനുവരി ആറിന് തമൽവാഡി പോലീസ് ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും 35കാരനായ പിതൃസഹോദരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തമൽവാഡി ശിവാറിൽ സോളാപൂർ-ധൂലെ ദേശീയ പാതയ്ക്ക് സമീപമുള്ള കൃഷിയിടത്തിൽ കർഷകതൊഴിലാളിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയും ഇവിടെ ജോലി ചെയ്തിരുന്നു. പിതാവിന്റെ സഹോദരന് അമ്മയുമായി അവിഹിത ബന്ധമുണ്ടെന്ന് കുട്ടിക്ക് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ''ഇക്കാര്യം കുട്ടി പിതാവിനെയും അറിയിച്ചിരുന്നു. കുട്ടി ഇവരുടെ ബന്ധത്തെക്കുറിച്ച് പതിവായി പിതാവിനോട് പറയാറുണ്ടായിരുന്നു. ഇതറിഞ്ഞ പ്രതി പ്രകോപിതനാകുകയും കുട്ടി തങ്ങളുടെ ബന്ധത്തിന് വലിയ തടസ്സമാണെന്ന് തിരിച്ചറിയുകയും ചെയ്തു,'' ധാരാശിവ് പോലീസ് സൂപ്രണ്ട് റിതു ഖോഖെർ കല്യാൺ പറഞ്ഞു.
advertisement
''ജനുവരി 1ന് ഉച്ചയോടെ ഒരു വൈദ്യുതി വാട്ടർ പമ്പിന് പൈപ്പ് ഇടാനെന്ന വ്യാജേന പ്രതി കുട്ടിയെ തമൽവാഡി സംഭരണിയ്ക്ക് സമീപത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് പ്രതി കുട്ടിയെ മഴുവെച്ച് വെട്ടി വീഴ്ത്തി. കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇതിന് ശേഷം പ്രതി സമീപത്തെ പുല്ലിനിടയിൽ കുട്ടിയുടെ മൃതദേഹം ഒളിപ്പിക്കുകയും അവിടെനിന്ന് കടന്നു കളയുകയും ചെയ്തു,'' പോലീസ് പറഞ്ഞു.
തുടക്കത്തിൽ അപകട മരണമായാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ തിരിച്ചറിയുകയും ചുറ്റുപാടുകൾ മനസ്സിലാക്കുകയും ചെയ്തതിന് പിന്നാലെ സംശയം ഉയരുകയും കൊലപാതകത്തിന് കേസ് എടുക്കുകയുമായിരുന്നു.
രഹസ്യ സ്രോതസ്സുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞതെന്ന് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഗോകുൽ ഠാക്കൂർ പറഞ്ഞു.
