15,000 രൂപ മാസശമ്പളത്തിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവ് കേരളത്തിലെത്തിച്ചത്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെക്സ് റാക്കറ്റ് സംഘത്തിനൊപ്പം തന്നെപ്പോലെ വേറെ 5 പെൺകുട്ടികളുണ്ടെന്ന് 17കാരി പൊലീസിന് മൊഴിനൽകി. ഒരുദിവസം മൂന്നും നാലും പേരെയും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ വരെയും യുവാവ് മുറിയിൽ പ്രവേശിപ്പിക്കാറുണ്ടെന്ന് പെൺകുട്ടിയുടെ മൊഴിയിലുണ്ട്.
പുറത്തുപോകുമ്പോൾ യുവാവ് മുറി പൂട്ടിയിടും. ഒരു ദിവസം ഫോണിൽ സംസാരിക്കാൻ മുറി പൂട്ടാതെ യുവാവ് ടെറസിലേക്ക് പോയ തക്കത്തിനാണ് പെൺകുട്ടി രക്ഷപെടുന്നത്. മുമ്പ് വയറുവേദന വന്നപ്പോൾ യുവാവ് പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നു. പോകുന്നതിനിടെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. രക്ഷപെട്ട ഉടൻ കിട്ടിയ ഓട്ടോയിൽ കയറി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
advertisement
സംഭവം അറിഞ്ഞതോടെ പൊലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുന്നിൽ കുട്ടിയെ ഹാജരാക്കി. പെൺകുട്ടിക്ക് കൌൺസലിംഗ് നൽകുകയും വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തതിന് ശേഷം ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. പെൺകുട്ടിയെ താമസിപ്പിച്ച കെട്ടിടമേതെന്നും ഒളിവിൽപ്പോയ യുവാവിനെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പൊലീസ്.