ലഖ്‌നൗവിലെ പിജിഐ പോലീസ് സ്റ്റേഷൻ, സർവൈലൻസ് സെൽ, സൗത്ത് സോൺ ക്രൈം ടീം എന്നിവരടങ്ങിയ സംയുക്ത സംഘമാണ് ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പോലീസ് കണ്ടെടുത്തു.
കല്ലി ഏരിയയിലെ താമസക്കാരനായ നിഖിലിന് ഓൺലൈൻ ഗെയിമുകളോട്, പ്രത്യേകിച്ച് ഏവിയേറ്റർ എന്ന വാതുവെപ്പ് ഗെയിമിനോട്, ഗുരുതരമായ ആസക്തിയുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിലൂടെ ഇയാൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി.
ഈ നഷ്ടങ്ങൾ നികത്താൻ, എം പോക്കറ്റ്, ഫ്ലാഷ് വാലറ്റ്, റാം ഫിൻകോർപ്പ് തുടങ്ങിയ ആപ്പ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾ വഴി ഉയർന്ന പലിശക്ക് ഓൺലൈൻ വായ്പയെടുത്തു. ഇതോടെ ഭീമമായ കടമായി.
advertisement
കടക്കാർ സമ്മർദ്ദം ചെലുത്തിയതോടെ നിഖിൽ വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കാൻ തുടങ്ങി. ഒക്ടോബർ 3 ന് അമ്മ രേഷ്മ യാദവ് മോഷണത്തിനിടെ മകനെ കൈയോടെ പിടികൂടി. ഇത് ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കത്തിലേക്ക് നയിച്ചു. തുടർന്നുണ്ടായ ദേഷ്യത്തിൽ ഇയാൾ അമ്മയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡിസിപി (ലഖ്‌നൗ സൗത്ത്) നിപുൺ അഗർവാൾ പറഞ്ഞു.
കൊലപാതകത്തിന് ശേഷം, വീടാകെ അലങ്കോലപ്പെടുത്തി കവർച്ചയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഇയാൾ, അപരിചിതർ വീട്ടിൽ അതിക്രമിച്ച് കയറി തങ്ങളെ ആക്രമിച്ചുവെന്ന് പറഞ്ഞ് പിതാവിനെ വിളിച്ച് കള്ളക്കഥ അവതരിപ്പിക്കുകയും ചെയ്തു.
രേഷ്മയുടെ ശരീരത്തിൽ അക്രമാസക്തമായ ആക്രമണത്തിന് സമാനമായ ഒന്നിലധികം പരിക്കുകൾ ഉണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചോദ്യം ചെയ്യലിൽ, മോഷണം പിടിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പരിഭ്രാന്തിയിലാണ് താൻ ഇത് ചെയ്തതെന്ന് നിഖിൽ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.
"സാങ്കേതിക തെളിവുകളും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്," ഡിസിപി അഗർവാൾ അറിയിച്ചു. പ്രതിക്കെതിരെ ബിഎൻഎസിലെ (BNS) 103 (കൊലപാതകം), 238 (തെളിവുകൾ നശിപ്പിക്കൽ, കുറ്റവാളിയെ സംരക്ഷിക്കാൻ കള്ളമൊഴി നൽകൽ), 315 (മരിച്ചയാളുടെ സ്വത്ത് വഞ്ചനാപരമായി കൈവശപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.
കേസ് വേഗത്തിൽ പരിഹരിച്ചതിന് അന്വേഷണ സംഘത്തിന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.