കാസര്‍ഗോഡ് കൊളിയടുക്കം സ്വദേശി അബ്ദുല്‍ അഫ്സല്‍ (24) ആണ് വായ്ക്കകത്ത് സ്വർണ ബിസ്കറ്റ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു പിടിയിലായത്. 233 ഗ്രാം തൂക്കമുള്ള രണ്ട് സ്വർണ്ണ ബിസ്കറ്റുകള്‍ നാല് വീതം കഷ്ണങ്ങളാക്കി വായ്ക്കകത്താക്കി ഒളിപ്പിച്ച് കടത്താനാണ് അബ്ദുല്‍ അഫ്സല്‍ ശ്രമിച്ചത്. നാവിനു അടിയിൽ ആയി ആണ് ഇയാൾ ചോക്കലേറ്റ് കഷ്ണങ്ങളുടെ വലിപ്പത്തിൽ ഉള്ള സ്വർണ ബിസ്കറ്റ് ഒളിപ്പിച്ചത്. മുഖത്ത് മാസ്കും ധരിച്ചിരുന്നു. ഒറ്റനോട്ടത്തിലും ശരീരത്തിൽ നടത്തുന്ന എക്സറേ പരിശോധനയിലും ഇത് കണ്ടെത്താൻ കഴിയില്ല എന്ന കണക്ക് കൂട്ടലിലാണ് അഫ്സൽ സ്വർണം വായ്ക്കുള്ളിൽ ഒളിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് (AI 998) അബ്ദുല്‍ അഫ്സല്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 6 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് അഭ്യന്തര വിപണിയില്‍ 12 ലക്ഷം രൂപ വില വരും.
advertisement
അതേ സമയം മറ്റൊരാളിൽ നിന്ന് 215 ഗ്രാം സ്വർണവും പോലീസ് പിടിച്ചെടുത്തു. കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ (30) ആണ് പിടിയിലായത്. കാലില്‍ ധരിച്ച സോക്സുകള്‍ക്കകത്ത് സ്വർണം മിശ്രിത രൂപത്തിൽ രണ്ട് പാക്കറ്റുകളിൽ ആയാണ് കടത്താൻ ശ്രമിച്ചത്. 215 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി രണ്ട് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച് കടത്താനാണ് ഇബ്രാഹിം ബാദുഷ ശ്രമിച്ചത്. ശനിയാഴ്ച രാത്രി 8 മണിക്ക് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് (IX 354) ഇബ്രാഹിം ബാദുഷ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.40 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ ബാദുഷയെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. പുറത്തെത്തിയ ബാദുഷ തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൂത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്‍റില്‍ വെച്ചാണ് ബാദുഷയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ ബാദുഷ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താനായില്ല. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. ഇയാള്‍ ധരിച്ച സോക്സുകളില്‍ തുന്നിപ്പിടിപ്പിച്ച രീതിയില്‍ രണ്ട് പാക്കറ്റുകള്‍ കണ്ടെത്തുകയായിരുന്നു. സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആളുകള്‍ വരുമെന്നായിരുന്നു ബാദുഷയെ ഷാര്‍ജയില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. അഭ്യന്തര വിപണിയില്‍ 11 ലക്ഷത്തിലധികം രൂപ വില വരും ബാദുഷയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം ബാദുഷയേയും അബ്ദുല്‍ അഫ്സലിനേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. ഇതോടെ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടിയ കേസുകളുടെ എണ്ണം 73 ആയി.
