പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഒരു വര്‍ഷത്തിലധികമായി പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ എത്തിച്ച് മദ്യം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നുമാണ് അധ്യാപികയ്‌ക്കെതിരെയുള്ള പരാതി. സംഭവത്തില്‍ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ഇവര്‍ക്കിപ്പോള്‍ ജാമ്യം അനുവദിച്ചത്. പ്രതിയായ അധ്യാപിക പരാതിയില്‍ ലൈംഗിക അതിക്രമങ്ങള്‍ നടന്നതായി ആരോപിക്കപ്പെടുന്ന കാലയളവില്‍ കഴിഞ്ഞ വര്‍ഷം ഈ സ്‌കൂളില്‍ നിന്നും രാജിവെച്ചതായി കോടതി വിശദമായ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇത് വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മിലുള്ള ബന്ധം കുറച്ചുവെന്നും കോടതി പറയുന്നുണ്ട്.
advertisement
ALSO READ: വിദ്യാര്‍ത്ഥിയെ ഒന്നരവർഷം ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയുടെ മാനസികനില പരിശോധിക്കും
പോക്‌സോ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജ് സബീന മാലിക്കാണ് വിധി പുറപ്പെടുവിച്ചത്. കേസില്‍ വിചാരണ ആരംഭിക്കാന്‍ സമയമെടുക്കുമെന്നും അതുകൊണ്ട് അധ്യാപികയെ ജയിലിലടയ്ക്കുന്നതുകൊണ്ട് ഒരു ലക്ഷ്യവും നിറവേറ്റില്ലെന്നും സബീന മാലിക് ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുടെ അമ്മയാണെന്ന കാര്യം കൂടി പരിഗണിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നല്‍കിയത്.
അതേസമയം, തനിക്കെതിരെ പരാതിയില്‍ പറഞ്ഞിട്ടുള്ള ആരോപണങ്ങളെല്ലാം പ്രതി നിഷേധിച്ചു. എഫ്‌ഐആര്‍ പ്രേരിതമായി ഫയല്‍ ചെയ്തതാണെന്നും ആണ്‍കുട്ടിയുടെ അമ്മയുടെ നിര്‍ബന്ധപ്രകാരമാണെന്നും അവര്‍ അവകാശപ്പെട്ടു. ആണ്‍കുട്ടിയുടെ അമ്മ തങ്ങളുടെ ബന്ധത്തെ നിഷേധിക്കുകയാണെന്നും അവർ കോടതിയിൽ പറഞ്ഞു. ആണ്‍കുട്ടിക്ക് തന്നോട് വൈകാരികമായി അടുപ്പമുണ്ടെന്നും ഭാര്യയെന്ന് വിശേഷിപ്പിച്ചതായും ജാമ്യാപേക്ഷയില്‍ അധ്യാപിക പറയുന്നുണ്ട്. ആണ്‍കുട്ടി കൈപ്പടയില്‍ സ്‌നേഹ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ശരീരത്തില്‍ തന്റെ പേര് പച്ചകുത്തിയതായും പോലീസിന് നല്‍കിയ പരാതിയില്‍ നിന്ന് ഈ വസ്തുതകളെല്ലാം മനപൂര്‍വ്വം ഒഴിവാക്കിയതായും അധ്യാപിക അവകാശപ്പെട്ടു. ആണ്‍കുട്ടിയില്‍ നിന്ന് അകലം പാലിക്കാന്‍ 2024-ല്‍ സ്‌കൂളില്‍ നിന്ന് രാജിവെച്ചതായും അവര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. അമ്മയുടെ അനുമതിയോടെ മാത്രമേ അവനെ കാണുകയുള്ളുവെന്ന് തീരുമാനിച്ചതായും എന്നാല്‍ ആണ്‍കുട്ടി തന്നെ വീണ്ടും ബന്ധപ്പെടുകയായിരുന്നുവെന്നും അധ്യാപിക ആരോപിച്ചു.
2024 ജനുവരി മുതല്‍ 2025 ഫെബ്രുവരി വരെ അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഉത്കണ്ഠയ്ക്കുള്ള മരുന്നും മദ്യവും അധ്യാപിക നല്‍കിയതായും പറയുന്നുണ്ട്. ഒരു വനിത സുഹൃത്തിന്റെ സഹായത്തോടെയാണ് അധ്യാപിക ആണ്‍കുട്ടിയുമായി അടുത്തത്. ആണ്‍കുട്ടി സ്‌കൂളില്‍ നിന്ന് പാസ് ഔട്ട് ആയതിനുശേഷം അധ്യാപിക രാജിവെച്ചതായും എഫ്‌ഐആറില്‍ പറയുന്നു.
അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണം പോലീസ് മറാത്തി ഭാഷയില്‍ പറഞ്ഞുവെന്നും വിവര്‍ത്തനം കൂടാതെ രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നുമുള്ള പ്രതിയുടെ വാദവും കോടതി ശ്രദ്ധിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 പ്രകാരമുള്ള അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിക്കാത്തതായി ഈ വാദങ്ങളെ കോടതി വിലയിരുത്തി.
11 വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളുടെ ഒറ്റയ്ക്കുതാമസിക്കുന്ന അമ്മയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളാണ് പ്രതി ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചത്. ഇതില്‍ ഒരാള്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖമുള്ളതായും കോടതിയെ അറിയിച്ചു. മകളുടെ മെഡിക്കല്‍ രേഖകളും അധ്യാപിക കോടതിയില്‍ സമര്‍പ്പിച്ചു. ജയിലില്‍ കഴിയേണ്ടിവരുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നതായും വാദിച്ചു.
ജാമ്യത്തെ എതിര്‍ത്ത പ്രോസിക്യൂഷന്‍ തെളിവുനശിപ്പിക്കല്‍, ഭീഷണികള്‍ എന്നിവ സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടി. അതേസമയം, കര്‍ശനമായ ജാമ്യവ്യവസ്ഥകളോടെ ഈ ആശങ്കകള്‍ പരിഹരിക്കാമെന്ന് കോടതി അറിയിച്ചു. ഇരയ്ക്കുണ്ടാകുന്ന അപകടസാധ്യത പരിഹരിക്കാന്‍ ആവശ്യമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തികൊണ്ട് കഴിയുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഏതെങ്കിലും വ്യവസ്ഥ പ്രതി ലംഘിച്ചാല്‍ ഇത് ജാമ്യം റദ്ദാക്കുന്നതിന് തുല്യമാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. 50,000 രൂപയുടെ വ്യക്തിഗത ഉറപ്പിലും ഇതേ തുകയുടെ ഒന്നോ അതിലധികമോ ആള്‍ ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഇരയെയോ സാക്ഷികളെയോ ബന്ധപ്പെടരുതെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നും കോടതിയുടെ അനുമതിയില്ലാതെ മുംബൈ വിട്ടുപോകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.