നവംബർ 3-ന് ആക്രമിക്കപ്പെട്ട യുവതി അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വെള്ളിയാഴ്ച രാത്രി ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വച്ചാണ് മരിച്ചത്. കുറ്റം സമ്മതിച്ച പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയാതായി പോലീസ് അറിയിച്ചു. സംഭവത്തിൽ രോഷാകുലരായ കുടുംബാംഗങ്ങളും നാട്ടുകാരും മരിച്ച യുവതിയുടെ മൃതദേഹം ഹമീർപൂർ പട്ടണത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ഝാനിയാരി ഗ്രാമത്തിന് സമീപമുള്ള ഹമീർപൂർ-ധർമ്മശാല ദേശീയപാതയിൽ വെച്ച് ഉപരോധിക്കുകയായിരുന്നു.
പോലീസിന്റെ റിപ്പോർട്ട് പ്രകാരം, ഹമീർപൂർ ജില്ലയിലെ സാസൻ ഗ്രാമത്തിൽ നവംബർ 3-നാണ് സംഭവം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പ്രതി സമീപത്തെ പാടത്ത് പുല്ലു മുറിക്കുകയായിരുന്ന യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി പ്രതിരോധിച്ചപ്പോൾ പ്രതി ഒരു വടിയും കത്രികയും ഉപയോഗിച്ച് അതിക്രൂരമായി ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. പാടത്ത് രക്തം വാർന്ന് കിടക്കുന്ന നിലയിൽ യുവതിയെ കണ്ട നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ പോലീസ് യുവതിയെ ഹമീർപൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിജിഐ ചണ്ഡീഗഢിലേക്ക് റഫർ ചെയ്യുകയായിരുന്നു.
advertisement
ക്രൈം സീനിൽ നിന്ന് പൊട്ടിയ പേനയുടെയും സ്കെയിലിന്റെയും കഷ്ണങ്ങൾ പോലീസിന് ലഭിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ലൈംഗികാതിക്രമം ലക്ഷ്യമിട്ടാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് വ്യക്തമാക്കി.
