ആൻറണി സ്റ്റോക്സ് എന്ന 54കാരനാണ് 10 വയസ്സുള്ള കുട്ടിയെ പാറക്കെട്ടിന്റെ മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞത്. കുട്ടിയുടെ കരച്ചിൽ കേട്ടതായും ഒരു ചെറിയ വസ്തു താഴേക്ക് വരുന്നതായും കണ്ടതായി ദൃക്സാക്ഷി മൊഴി നൽകിയിട്ടുണ്ട്. 100 അടിയോളം താഴേക്ക് വീണെങ്കിലും കുട്ടി രക്ഷപ്പെട്ടു.
“മരണത്തിൽ നിന്ന് രക്ഷപ്പെട്ടുവെങ്കിലും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ലണ്ടനിലെ ആശുപത്രിയിലേക്ക് അവനെ എയർ ലിഫ്റ്റ് ചെയ്താണ് കൊണ്ടുപോയത്. അപകടത്തിലാണ് അവൻ താഴേക്ക് വീണതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൻെറ ചുരുളഴിയുന്നത്,” കോടതിയിൽ ഹാജരായ പ്രോസിക്യൂട്ടർ സൂ ജോൺസൺ പറഞ്ഞു.
advertisement
13കാരിയായ തൻെറ സഹോദരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതിനാണ്10 വയസ്സുകാരന് നേരെ ക്രൂരമായ ആക്രമണം ഉണ്ടായത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പ്രതി പറഞ്ഞിരുന്നതായും പോലീസ് പറയുന്നു. “13കാരിയെ ലൈംഗികമായി ഉപദ്രവിക്കാനാണ് ആൻറണി ശ്രമിച്ചത്. ഈ ശ്രമം ചെറുക്കുകയായിരുന്നു 10 വയസ്സുകാരൻ. ഇതോടെയാണ് ആൻറണി ആൺകുട്ടിയെ ബ്രൈറ്റണിലുള്ള ക്ലിഫ് ടോപ്പിലെത്തിച്ചത്,” അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
കുട്ടിയെ പാറക്കെട്ടിൽ നിന്ന് താഴേക്കിട്ട ശേഷം ആൻറണി ഓടിപ്പോയിരുന്നില്ല. അവിടെ തന്നെ നിന്ന അയാൾ രക്ഷാപ്രവർത്തകർക്കൊപ്പം കൂടുകയും ചെയ്തിരുന്നു. കുട്ടിക്ക് ശരീരമാസകലം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ പെട്ടെന്ന് തന്നെ ബോധം പോയിരുന്നു. നെഞ്ചിനും തോളിനും കൈകൾക്കുമാണ് കുട്ടിക്ക് കാര്യമായി പരിക്കേറ്റത്.
കുട്ടിയെ മന:പൂർവമല്ലാതെ തള്ളിയിട്ടുവെന്ന സംശയത്തിലാണ് സ്റ്റോക്സിനെ പോലീസ് ആദ്യം അറസ്റ്റ് ചെയ്യുന്നത്. എന്നാൽ പിന്നീട് അന്വേഷണത്തിൽ പോലീസിന് കൂടുതൽ കാര്യങ്ങൾ വ്യക്തമായി. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് പിന്നീട് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമത്തിനും പോലീസ് കേസെടുത്തു. 2023 നവംബർ 23നാണ് സ്റ്റോക്സ് പോലീസിൻെറ പിടിയിലാവുന്നത്.
തനിക്കെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് സ്റ്റോക്സിൻെറ വാദം. “കുട്ടികളോട് ലൈംഗിക താൽപര്യം ഉള്ളയാളല്ല ഞാൻ. കുട്ടിയെ പീഡിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല,” സ്റ്റോക്സ് കോടതിയിൽ പറഞ്ഞു. കൊലപാതകം നടത്താൻ ശ്രമിച്ചുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
കൊലപ്പെടുത്താൻ വേണ്ടി തന്നെയാണ് സ്റ്റോക്സ് കുട്ടിയെ പാറക്കെട്ടിന്റെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേക്കിട്ടതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. തൻെറ ആഗ്രഹത്തിന് തടസ്സമായി കുട്ടി മാറുന്നുവെന്ന് തോന്നിയതിനാലാണ് കൊലപാതകത്തിന് ശ്രമിച്ചത്. നേരത്തെ ആസൂത്രണം ചെയ്ത് കൊല നടത്തണമെന്ന ഉദ്ദേശത്തിൽ തന്നെയാണ് കുട്ടിയെ താഴേക്ക് എറിഞ്ഞതെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. കേസ് കോടതി വിധി പറയാൻ മാറ്റി വെച്ചിരിക്കുകയാണ്.