ഹരിഹര സാഹുവിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ താഴത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു സുദേഷ്ണ. ആറ് വര്‍ഷം മുമ്പാണ് ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ഇതിനുശേഷമാണ് ഇവര്‍ നഗരത്തിലേക്ക് താമസം മാറ്റിയത്. റെവന്യു ഇന്‍സ്‌പെക്ടറായി വിരമിച്ച ഹരിഹര സാഹുവും വിഭാര്യനായിരുന്നു. സുദേഷ്ണയ്ക്ക് വാടകയ്ക്ക് നല്‍കിയ വീടിന്റെ ഒന്നാം നിലയിലാണ് ഇയാളും താമസിച്ചിരുന്നത്.
ഹരിഹര സാഹു ഉറങ്ങി കിടക്കുമ്പോള്‍ സുദേഷ്ണ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മുറ്റത്തെ കിണറ്റില്‍ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച സുദേഷ്ണ മണ്ണെണ്ണ പാത്രം കത്തിക്കുകയും ചെയ്തു.
advertisement
നഗരത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന ഹരിഹരയുടെ മകള്‍ മധുസ്മിത സാഹു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് ബെര്‍ഹാംപൂര്‍ എസ്‍പി എം ശരവണ വിവേക് അറിയിച്ചു. ഹരിഹരയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും എംകെസിജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സുദേഷ്ണ വ്യാഴാഴ്ച തന്നോട് പറഞ്ഞതായി മധുസ്മിത പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഹരിഹരയ്ക്ക് ഗുതരമായി പൊള്ളലേറ്റ കാര്യം മധുസ്മിത അറിയുന്നത്.
തുടര്‍ന്ന് അദ്ദേഹത്തെ കട്ടക്കിലെ എസ്‍സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. എന്നാല്‍, മരിക്കുന്നതിനു മുമ്പ് അന്നേദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ ആരോ തന്റെ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതായി ഹരിഹര മധുസ്മിതയോട് പറഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
മധുസ്മിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. ആ സമയത്ത് സുദേഷ്ണ മാത്രമാണ് അദ്ദേഹത്തിന്റെ അടുത്ത് ഉണ്ടായിരുന്നത്. അതുകൊണ്ട് ചോദ്യം ചെയ്യലിനായി അവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചു. രണ്ട് പേര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്നാണ് അവര്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍, ഇതില്‍ സംശയം തോന്നിയ പോലീസ് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കൊലപ്പെടുത്തിയത് താനാണെന്ന് സുദേഷ്ണ സമ്മതിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുറ്റകൃത്യം പുനഃസൃഷ്ടിക്കാന്‍ ബൈദ്യന്തപൂര്‍ ഐഐസി സുചിത്ര പരീദയും എസ്‌ഐ പ്രിയങ്ക സാഹുവും പ്രതിയെ ഹരിഹരയുടെ വീട്ടിലേക്ക് കൊണ്ടുപോയി. പ്രാഥമിക അന്വേഷണത്തില്‍ സുദേഷ്ണയും ഹരിഹരയും ഏകദേശം അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തി. ഹൈദരാബാദിലുള്ള മകളെ കാണാന്‍ പോയ സുദേഷ്ണയെ ഹരിഹര തടയുകയും തന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തതായി എസ്‍പി പറഞ്ഞു.
ഹരിഹരയുടെ സ്വത്തുക്കളും മറ്റും കൈക്കലാക്കാനുള്ള ഉദ്ദേശ്യവും സുദേഷ്ണയ്ക്ക് ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. കുറ്റകൃത്യം ഒറ്റയ്ക്ക് ചെയ്തതായി സുദേഷ്ണ സമ്മതിച്ചെങ്കിലും സംഭവത്തില്‍ വേറെയാരെങ്കിലും പങ്കുചേര്‍ന്നിട്ടുണ്ടോ എന്നാണ് സംശയിക്കുന്നതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എസ്‍പി കൂട്ടിച്ചേര്‍ത്തു.