ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഗൾഫ് ബാങ്ക് അധികൃതർ കേരളത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കുവൈറ്റിലെ മിനിസ്റ്റർ ഓഫ് ഹെൽത്തില്‍ നഴ്സായി ജോലി ചെയ്തിരുന്ന 700 ഓളം പേർ കുറ്റാരോപിതരാണ്. ഗൾഫ് ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടിയാണ് മലയാളികള്‍ മുങ്ങിയത്. 50 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെയാണ് പലരും ലോണെടുത്തത്. കുവൈറ്റ് വിട്ട പലരും പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറി.
ഒരു മാസം മുൻപാണ് കേരളത്തിൽ ഗൾഫിൽ നിന്നും ബാങ്ക് തട്ടിപ്പിന്റെ കഥയുമായി ബാങ്ക് അധികൃതർ എത്തിയത്. കഴിഞ്ഞമാസം അഞ്ചാം തീയതി ബാങ്ക് പ്രതിനിധികൾ സംസ്ഥാന പൊലീസ് മേധാവികളെ കണ്ടു. പിന്നീട് ഡിജിപി നിർദ്ദേശിച്ച പ്രകാരമാണ് കേസെടുത്തത്. തട്ടിപ്പ് നടത്തിയവരുടെ വിലാസം അടക്കം നൽകിയാണ് പരാതി രജിസ്റ്റർ ചെയ്തതിരിക്കുന്നത്. 2020 -22 കാലത്ത് ബാങ്കിൽ നിന്നും ചെറിയ ലോൺ എടുത്താണ് തട്ടിപ്പ് തുടങ്ങിയത്.
advertisement
ഈ തുക കൃത്യമായി അടച്ച് പിന്നീട് രണ്ടു കോടി രൂപവരെ ലോണെടുത്ത് പലരും കേരളത്തിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും അമേരിക്കയിലേക്കും കുടിയേറി. നിലവിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. എറണാകുളം കോട്ടയം ജില്ലാ വിഭാഗങ്ങളായിരിക്കും കേസ് അന്വേഷിക്കുക. ബാങ്കിനെ കബളിപ്പിച്ചു എന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ നിലവിൽ എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ ആളുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ ഇടനിലക്കാരായി ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കും.