പൊലീസ് നൽകുന്ന വിവരമനുസരിച്ച് കവർച്ച ആസൂത്രിതമായിരുന്നു. ആദ്യം രണ്ടുപേർ ബൈക്കിലെത്തി സ്ഥാപനത്തിന്റെ പരിസരം നിരീക്ഷിച്ച് മടങ്ങിപ്പോയിരുന്നു. ഇതിനുപിന്നാലെയാണ് അഞ്ചുപേർ കാറിൽ സ്ഥലത്തെത്തി സ്ഥാപനത്തിനുള്ളിൽ കടന്ന് പണം കവർന്നത്.
സംഘം എത്തുമ്പോൾ ജീവനക്കാർ പണം മേശപ്പുറത്തുവെച്ച് എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു. മൊത്തവിതരണ സ്ഥാപനമായതിനാൽ സ്റ്റോക്ക് എടുക്കുന്നതിനായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായതെന്ന് ജീവനക്കാർ മൊഴി നൽകി. ജീവനക്കാരെ തോക്കും വടിവാളും കാണിച്ച് ഭീഷണിപ്പെടുത്തി പണവും കവർന്ന് സംഘം കാറിൽ രക്ഷപ്പെടുകയായിരുന്നു.
സ്ഥാപനത്തിൽ ഇത്രയും വലിയ തുക ഉണ്ടാകുമെന്നും അത് എപ്പോൾ പുറത്തെടുത്ത് എണ്ണുമെന്നും കൃത്യമായി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആദ്യം ബൈക്കിലെത്തിയവർ പണം ഉണ്ടെന്ന് ഉറപ്പിച്ചശേഷം നൽകിയ വിവരമനുസരിച്ചാകാം കാറിൽ മറ്റൊരു സംഘം എത്തിയത് എന്നും പൊലീസ് കരുതുന്നു.
advertisement
സ്ഥാപനത്തിൽ സിസിടിവി ക്യാമറകൾ ഇല്ല എന്നതും കവർച്ചക്കാർക്ക് സഹായകരമായി. ഈ വിവരവും മോഷ്ടാക്കൾക്ക് മുൻകൂട്ടി അറിയാമായിരുന്നിരിക്കണം എന്നും പൊലീസ് സംശയിക്കുന്നു. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കവർച്ചാസംഘം സഞ്ചരിച്ച കാർ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എസ്പിയുടെ നേതൃത്വത്തിൽ വടുതല സ്വദേശിയായ സജി എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്. ഇയാൾ കവർച്ചാസംഘാംഗമാണോ അതോ കേസിനെക്കുറിച്ച് വിവരം നൽകുന്നയാളാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.