മത്സ്യവിതരണവാഹനത്തിന്റെ ഡ്രൈവറായിരുന്നു പള്ളുരുത്തി പെരുമ്പടപ്പ് പാര്‍ക്ക് റോഡ് വഴിയകത്ത് വീട്ടില്‍ അക്ബറിന്റെ മകൻ ആഷിഖ്. തിങ്കളാഴ്ച രാത്രിയാണ് ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ഇന്ദിരാഗാന്ധി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട വാനിന്റെ മുൻസീറ്റില്‍ മരിച്ച നിലയിൽ ഇയാളെ കണ്ടത്. സുഹൃത്ത് ഷഹാന ബഹളം വച്ചപ്പോൾ ഓടിയെത്തിയവരാണ് ആദ്യം മൃതദേഹം കണ്ടത്.ഷഹാനയും ഭർത്താവ് ശിഹാബുമാണ് കേസിലെ പ്രതികൾ.
സഹായത്തിനായി ഓടിവന്ന സുഹൃത്തും ഭർത്താവും
അപകടം പറ്റിയെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഷിഖ് വിളിച്ചെന്നും എത്തിയപ്പോൾ ഗുരുതരമായി പരുക്കേറ്റ് കിടക്കുന്നത് കണ്ടെന്നുമാണ് വന്നവരോട് ഷഹാന പറഞ്ഞത്. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആഷിഖ് മരിച്ചു.തുടയിലും കാൽപാദത്തിലുമുള്ള മുറിവുകളിലെ രക്തസ്രാവമാണ് മരണകാരണം എന്നാണ് വിവരം. തുടർന്ന് ആഷിഖിന്റേത് ആത്മഹത്യയായിരുന്നു എന്ന രീതിയിൽ വാർത്ത പ്രചരിച്ചു.
advertisement
ആഷിഖും ഷഹാനയും അടുപ്പത്തിലായിരുന്നു. ഷഹാനയുടെ വിവാഹാഭ്യർഥന തള്ളിയ ആഷിഖ് മറ്റൊരു വിവാഹത്തിനൊരുങ്ങിയെങ്കിലും അത് മുടക്കാൻ ഷഹാന ശ്രമിച്ചതിലുള്ള മനോവിഷമം കൊണ്ട് അവരെ വിളിച്ചു വരുത്തി ആഷിഖ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് അഭ്യൂഹം പ്രചരിച്ചത്.
കണ്ണടയ്ക്കാതെ തെളിവായ പൂച്ച
എന്നാൽ ആഷിഖ് വിളിച്ചപ്പോഴാണ് താനെത്തിയത് എന്ന ഷഹാനയുടെ വാദം പൊളിക്കാനുള്ള തെളിവുകൾ പൊലീസിനു സംഭവസ്ഥലത്തുനിന്നുതന്നെ ലഭിച്ചു. അതിൽ പ്രധാനം ഒരു പൂച്ചയായിരുന്നു.ആഷിഖിനെ കണ്ടെത്തിയ അടച്ചിട്ട വാഹനത്തിൽ ഒരു പേർഷ്യൻ പൂച്ചയുമുണ്ടായിരുന്നു. ഷഹാനയുടെയും ശിഹാബിന്റെയും പൂച്ചയായിരുന്നു അത്. കൊലപാതകത്തിനു ശേഷം ശിഹാബ് വാഹനം അടച്ചു പോയപ്പോൾ പൂച്ചയെ കൊണ്ടുപോയിരുന്നില്ല.
ഊരി വീണ ഹെയർബാൻഡും ഒരേ ടവറിന്റെ അതിബുദ്ധിയും
വാഹനത്തിനു സമീപം ഒരു ഹെയർബാൻഡ് കിടന്നിരുന്നു. അത് ഷഹാനയുടേതാണെന്ന് പൊലീസ് കണ്ടെത്തി. ഫോൺ വിളിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ആളിന്റെ ഹെയർബാൻഡ് അങ്ങനെ ഊരി വീഴേണ്ടതില്ലല്ലോ എന്നതായിരുന്നു പൊലീസിന്റെ സംശയം. ഒപ്പം ശിഹാബും ഷഹാനയും കാണിച്ച ഒരു ‘അതിബുദ്ധി’ മറ്റൊരു തെളിവുമായി. തന്നെ ആഷിഖ് വിളിച്ചു വരുത്തിയതാണെന്നു തെളിയിക്കാൻ ഷഹാന ആഷിഖിന്റെ ഫോണിൽനിന്ന് തന്റെ ഫോണിലേക്കു വിളിച്ചിരുന്നു. ഈ വിളിയുടെ സമയത്ത് ഇരു ഫോണുകളും ഒരേ ടവറിനു കീഴിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയും ചെയ്തു.
ഇതും വായിക്കുക: ഇടക്കൊച്ചി കൊലയ്ക്ക് പിന്നിൽ ഷഹാനയുടെ നഗ്നചിത്രം പരസ്യമാക്കുമെന്ന ആഷിഖിൻ്റെ ഭീഷണി
തെളിഞ്ഞു വന്ന ത്രികോണ ബന്ധവും നഗ്ന ചിത്രങ്ങളുടെ ഭീഷണിയും
ഷഹാനയും ആഷിഖും തമ്മിലുള്ള അടുപ്പം ഭർത്താവ് ശിഹാബിന് അറിയാമായിരുന്നു. ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ശിഹാബ് ആവശ്യപ്പെട്ടെങ്കിലും ആഷിഖ് തയാറായില്ല. തുടർന്ന് ഷഹാനയെക്കൊണ്ട് ശിഹാബ് കൊടുപ്പിച്ച പീഡന പരാതിയിൽ 21 ദിവസം ആഷിഖ് ജയിലിൽ കഴിഞ്ഞു.എന്നാൽ പിന്നീടും ഇരുവരും അടുപ്പം തുടർന്നു. പക്ഷെ ആഷിഖ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചത് പ്രശ്നമായി. ഷഹാന ഇതിന്റെ പേരിൽ ആഷിഖിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നും നാട്ടുകാർ പറയുന്നു. ഷഹാനയുടെ നഗ്നചിത്രങ്ങളടക്കം തന്റെ കയ്യിലുണ്ടെന്നും ഇത് പുറത്തുവിടുമെന്നും പറഞ്ഞ ആഷിഖിനെ കൊലപ്പെടുത്താൻ ഇരുവരും ചേർന്ന് തീരുമാനിച്ചെന്നാണ് പൊലീസിന്റെ നിഗമനം.
Summary: A cat and a hairband proved death of a kochi youth in car as murder and involvement of a couple