മണിപ്പൂര്‍ കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ സിനിമ- സാംസ്‌കാരിക മേഖലയിലുള്ളവര്‍ അടക്കം വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടും ഇതിനെതിരെ പ്രതികരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. മണിപ്പൂര്‍ അസ്വസ്ഥയുണ്ടാക്കുന്നു, അപമാനം കൊണ്ട് തലകുനിഞ്ഞു പോകുന്നു. ഇനിയും നിമിഷം വൈകിക്കൂടാ’- എന്നായിരുന്നു സുരാജ് കുറിച്ചത്. എന്നാല്‍ അധികം വൈകാതെ തന്നെ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമാകുകയും ചെയ്തു. കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണ് എന്ന കാരണത്താല്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ ശ്രദ്ധിക്കണമെന്നും സുരാജ് പ്രതികരിച്ചിരുന്നു. ഇതിന് ശേഷം നിരവധി പേർ സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ രംഗത്ത് വന്നിരുന്നുവെങ്കിലും കാര്യമാക്കിയില്ല.
advertisement
Also read-മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നുവെന്ന് സുരാജ്
എന്നാൽ ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം സൈബർ ആക്രമണം രൂക്ഷമായതായി താരം പറയുന്നു. പ്രതികരിക്കുന്നില്ലേ എന്ന് ചോദിച്ചാണ് ആക്രമണം. പേഴ്സണൽ ഫോണിലേക്ക് വിളിച്ച് നിരവധി പേർ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ചിലർ ഫേസ്ബുക്കിലൂടെ നമ്പർ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരാജ് സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ശല്യം കൂടിയതോടെ താരം ഫോൺ സ്വിച്ട് ഓഫ് ആക്കിയിരിക്കുകയാണ്
