മാർച്ച് മൂന്നിനാണ് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് രന്യ റാവു 14.8 കിലോ സ്വർണവുമായി പിടിയിലായത്. ദുബായിൽ നിന്ന് ബെംഗളൂരുവിലേക്ക് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടിച്ചെടുത്തത്. ഡിആർഐ അന്വേഷണത്തിൽ, ഒരു വർഷത്തിനിടെ രന്യ റാവു 30 തവണ ദുബായ് സന്ദർശിച്ചതായും ഓരോ കിലോ സ്വർണ്ണത്തിനും ഒരു ലക്ഷം രൂപ വീതം കമ്മീഷൻ ലഭിച്ചിരുന്നതായും കണ്ടെത്തി. 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ ബിസ്കറ്റുകളുമായാണ് രന്യ റാവു പിടിയിലായത്.
പോലീസ് അകമ്പടിയോടെ സുരക്ഷാ പരിശോധന മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നടി പിടിയിലായത്. ഇതേ തുടർന്ന് രന്യയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 2.06 കോടി രൂപയുടെ കറൻസിയും 2.67 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു. ഈ കേസിൽ ആകെ 17.29 കോടി രൂപയുടെ വസ്തുക്കളാണ് കണ്ടെടുത്തത്. ഓരോ ദുബായ് യാത്രയിലും കിലോക്ക് ഒരു ലക്ഷം രൂപ എന്ന കണക്കിൽ 12-13 ലക്ഷം രൂപയാണ് കമ്മീഷനായി രന്യ നേടിയിരുന്നത്. മാർച്ച് മൂന്നിന് രാത്രി ദുബായിൽ നിന്നെത്തിയ രന്യ ബെൽറ്റിലും ജാക്കറ്റിലുമായി 14.2 കിലോ സ്വർണം ഒളിപ്പിച്ചിരുന്നു.
advertisement
ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തുമകളാണ് രന്യ റാവു. രാമചന്ദ്ര റാവുവിന്റെ രണ്ടാം ഭാര്യയുടെ മകളാണ് ഇവർ. 'മാണിക്യ' (2014) എന്ന സിനിമയിലൂടെയാണ് രന്യ അഭിനയരംഗത്തേക്ക് കടന്നുവന്നത്. 'വാഗ' (2014) എന്ന തമിഴ് ചിത്രത്തിലും 'പട്ടാക്കി' (2017) എന്ന കന്നഡ ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സമീപകാലത്ത് ഇവർ സിനിമാ രംഗത്ത് സജീവമായിരുന്നില്ല.