തസ്ലിമയെ 5 വർഷമായി അറിയാമെന്നും മോഡൽ ആയ സൗമ്യ പറഞ്ഞു. ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയെ പരിചയപ്പെടുന്നതെന്നും മൊഴിയിൽ പറയുന്നുണ്ട്. ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും അറിയാം. ഇവർ സുഹൃത്തുക്കളാണെന്നും സൗമ്യ മൊഴി നൽകി. ലഹരി ഇടപാടിനെക്കുറിച്ച് തനിക്ക് അറിയില്ല, ഈ ഇടപാടിൽ ബന്ധമില്ലെന്നും സൗമ്യ തന്റെ മൊഴിയിൽ പറയുന്നുണ്ട്. എന്നാൽ ഈ മൊഴി എക്സൈസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.
സൗമ്യയുടെ അറസ്റ്റ് ഉടൻ വേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രണ്ടാമതും ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. കൂടുതൽ തെളിവുകൾ തേടിയ ശേഷം അറസ്റ്റ് മതി എന്ന് വിലയിരുത്തൽ. നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയാൽ ഉടൻ ജാമ്യം ലഭിക്കനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് എക്സൈസ് നീക്കം
advertisement
കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരെയാണ് എക്സൈസ് ഇന്ന് ചോദ്യം ചെയ്തത്. ആവശ്യപ്പെട്ടതിലും നേരത്തെയാണ് മൂവരും എക്സൈസ് ഓഫീസിലെത്തിയത്. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ഹാജരാകാനായിരുന്നു മൂവർക്കും നിർദേശം നൽകിയിരുന്നത്. എന്നാൽ, ഷൈൻ ടോം ചാക്കോ 7.35 നും ശ്രീനാഥ് ഭാസി 8.10 നും സൗമ്യ 8.30 നും എക്സൈസ് ഓഫീസിലെത്തി.
ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഒപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയത്. ബെംഗളൂരുവിൽ നിന്നും രാവിലെ വിമാനം മാർഗ്ഗമാണ് ഷൈൻ കൊച്ചിയിൽ എത്തിയത്. താൻ ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്‍ററിൽ ചികിത്സയിലാണെന്നും ഒരു മണിക്കൂർ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും ഷൈൻ എക്സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി എത്തിയത്. തസ്ലിമ സുഹൃത്താണെന്നും ലഹരി ഇടപാട് അറിയില്ലെന്ന് മോഡൽ സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. തസ്ലിമയുമായി ആറ് മാസത്തെ പരിചയമാണ് ഉള്ളത്. കൊച്ചിയിൽ വച്ച് അറിയാം. ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും അറിയാമെന്നും സൗമ്യ പറഞ്ഞു.
ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലീമ എക്സൈസിന് നൽകിയ മൊഴി. പിന്നീട് എക്സൈസ് തസ്ലീമയുടെ ഫോൺ പരിശോധിച്ചപ്പോൾ ഇവർ തമ്മിൽ വാട്ട്സ്ആപ്പ് കോളുകൾ നടത്തിയതായി എക്സൈസ് കണ്ടെത്തിയിരുന്നു. ശ്രീനാഥ് ഭാസിയുമായി വാട്ട്സ്ആപ്പ് ചാറ്റ് നടത്തിയതായും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകളെല്ലാം ചോദ്യം ചെയ്യലിൽ എക്സൈസിന് സഹായകരമാകും.