കലയെ കൊന്നു മറവുചെയ്തെന്ന വിവരത്തെത്തുടർന്ന് അവരുടെ ഭർത്താവിന്റെ ബന്ധുക്കളായ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
കലയുടെ ഭർത്താവ് അനിലാണ് കേസിലെ പ്രധാന പ്രതിയെന്നാണ് വിവരം. ഇയാളും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് അറസ്റ്റിലായവർ പൊലീസിനു മൊഴി നൽകിയത്. ഇതിൽ ജിനു രാജനെ സ്ഥലത്തെത്തിച്ചാണ് പൊലീസ് മൃതദേഹം കണ്ടെത്താനുള്ള നടപടി തുടരുന്നത്. മറ്റു പ്രതികൾ മാന്നാർ പൊലീസ് കസ്റ്റഡിയിലാണ്.
advertisement
ഇസ്രായേലിലുള്ള അനിലിനെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു. കലയെക്കുറിച്ചുള്ള അനിലിന്റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ഇരു സമുദായത്തിലുള്ള കലയും അനിലും പ്രണയിച്ചു വിവാഹിതരായവരാണ്. ഇവരുടെ വീടുകൾ തമ്മിൽ ഒരു കിലോമീറ്റർ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്.
അനിലിന്റെ ബന്ധുക്കൾക്ക് വിവാഹത്തിൽ താൽപര്യമില്ലാതിരുന്നതിനാൽ ബന്ധുവീട്ടിലാണ് വിവാഹശേഷം കലയെ താമസിപ്പിച്ചിരുന്നത്. കലയെ ഇവിടെ നിർത്തിയശേഷം അനിൽ പിന്നീട് വിദേശത്ത് ജോലിക്കുപോയി.എന്നാൽ കലയ്ക്കു മറ്റാരോടോ ബന്ധമുണ്ടെന്നു ചിലർ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വഴക്കിനെത്തുടർന്ന് കല വീട്ടിലേക്കു തിരികെപ്പോകാൻ തുനിഞ്ഞപ്പോൾ മകനെ തനിക്കുവേണമെന്ന് അനിൽ ആവശ്യപ്പെട്ടു.
പിന്നീടു നാട്ടിലെത്തിയശേഷം കലയുമായി സംസാരിക്കുകയും കാർ വാടകയ്‌ക്കെടുത്ത് കുട്ടനാട് ഭാഗങ്ങളിൽ യാത്ര പോകുകയും ചെയ്തു. ഇതിനിടെ, ബന്ധുക്കളായ അഞ്ചുപേരെ വിളിച്ചുവരുത്തി കാറിൽവച്ച് കലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു വിവരം. പിന്നാലെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടു.
മൂന്നുമാസത്തിനു മുൻപ് ഇതു സംബന്ധിച്ച് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ഒരു ഊമക്കത്ത് ലഭിച്ചതോടെയാണ് പൊലീസ് കേസിൽ അന്വേഷണം ഊർജിതമാക്കിയത്.