തന്നെ വിവാഹം ചെയ്യാൻ രാഖി അഖിലിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നത്രെ. മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതറിഞ്ഞ് അഖിലിനെ രാഖി തേടിയെത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. രാഖിയെ ഒഴിവാക്കാനായി ശ്രമിച്ചെങ്കിലും വഴങ്ങാത്തതിനാൽ മറ്റൊരാളുടെ സഹായത്തോടെ കൊലപ്പെടുത്തി ഉപ്പു ചേർത്ത് വീട്ടുവളപ്പിൽ കുഴിച്ചിട്ടുവെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയും ബന്ധുവുമായ ആദർശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഖിലും പിതാവും സഹോദരനും ഒളിവിലാണ്.
advertisement
അമ്പൂരി തട്ടാൻമുക്കിൽ അഖിലിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു നിന്ന് അഴുകിയ നിലയിലാണ് പൂവാർ സ്വദേശി രാഖിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. അഖിൽ ഡൽഹിയിൽ സൈനികനാണ്. അഖിലിന്റെ സഹോദരനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് നിഗമനം. രാഖിയെ ജൂൺ 21നാണ് കാണാതായത്. അന്ന് നെയ്യാറ്റിൻകരയിൽ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്പൂരിയിലേക്കു പോകുകയായിരുന്നു. അവിടെവച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചതറിഞ്ഞ് രാഖി, ആ പെൺകുട്ടിയെ നേരിൽകണ്ട് വിവാഹത്തിൽനിന്നു പിൻമാറണമെന്ന് അഭ്യർഥിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താൻ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികൾ അയച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം വഴിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം.
രാഖിയെ കാണാതായെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് അമ്പൂരി പ്രദേശത്താണ് രാഖിയുടെ ഫോൺ അവസാനം പ്രവർത്തിച്ചതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണമാണ് അഖിലിലേക്ക് എത്തിയത്. കഴിഞ്ഞ 27ന് അഖിലേഷ് ഡൽഹിയിലെ ജോലിസ്ഥലത്തേക്ക് പോയെന്ന് ബന്ധുക്കൾ ബന്ധുക്കൾ പറഞ്ഞെങ്കിലും അവിടെ എത്തിയില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. രാഖിയുടെ ആറാം വയസ്സിൽ മാതാവ് സിൽവി മരണപ്പെട്ടിരുന്നു. പിതാവ് മോഹനൻ എന്നു വിളിക്കുന്ന രാജയ്യൻ നാടാർ ഹോട്ടൽ തൊഴിലാളിയാണ്. സഹോദരൻ ജോയി.