അതിനിടെ രണ്ടു ദിവസങ്ങളിലായി പിടിയിലായ വ്യാജ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകൾ ഒരുപോലെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തികേയന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ ദിവസം പിടിയിലായ സംഗീത ബാലകൃഷ്ണന്‍റെ സർട്ടിഫിക്കറ്റുമായി അജയ് രാജിന്‍റെ സർട്ടിഫിക്കറ്റിന് സാമ്യതയുണ്ട്. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മഞ്ഞപ്രയിലെ ക്ലിനിക്കിൽനിന്ന് അജയ് രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ രോഗി സംശയം തോന്നിയതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊട്ടാരക്കര സ്വദേശിയായ അജയ് രാജ് കഴിഞ്ഞ കുറച്ചുകാലമായി മഞ്ഞപ്രയിലെ ക്ലിനിക്കിൽ ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു. പെരുമ്പാവൂർ ഡിവൈഎസ്പി കെ ബിജുോൻ, കാലടി ഇൻസ്പെക്ടർ, എം.ബി ലത്തീഫ്, എസ്ഔഐമാരായ സെപ്റ്റോ ജോൺ, ഡേവിസ് ടിഎ, ദേവസി എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് അജയ് രാജിനെ കസ്റ്റഡിയിലെടുത്തത്. ജില്ലയിൽ കൂടുതൽ വ്യാജ ഡോക്ടർമാർ ഉണ്ടാകാമെന്നും, ഇനിയും പരിശോധനകൾ തുടരുമെന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തികേയൻ പറഞ്ഞു.
advertisement
മെഡിക്കൽ ഷോപ്പ് ജീവനക്കാരന് തോന്നിയ സംശയമാണ് ആലുവയിൽ വ്യാജ വനിതാ ഡോക്ടറെ അകത്താക്കിയത്. എടത്തല കോമ്പാറയിലെ മരിയ ക്ലിനിക്കിൽ ജോലി ചെയ്യുന്ന സംഗീത ബാലകൃഷ്ണൻ ആണ് അറസ്റ്റിലായത്. രോഗികൾക്ക് ഒരേസമയം പല ആന്‍റിബയോട്ടിക് ഗുളികള്‍ കൂടിയ അളവിൽ കുറിച്ച് നല്‍കിയതു കണ്ട് സംശയം തോന്നിയ മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ പൊലീസിനെ അറിയിച്ചതോടെയാണ് സംഗീത കുടുങ്ങുന്നത്.
മെഡിക്കൽ ഷോപ്പ് ജീവനക്കാരന്‍ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ റൂറൽ എസ് പി കെ.കാർത്തികേയന്‍റെ നിര്‍ദേശപ്രകാരം പൊലീസ് ക്ലിനിക്കിൽ പരിശോധന നടത്തിയിരുന്നു. ഇൻസ്പെക്ടർ പി.ജെ. നോബിളിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. അങ്കമാലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ക്ലിനിക്കിൽ കഴിഞ്ഞ രണ്ട് മാസമായി സംഗീത ജോലി ചെയ്തു വരികയാണ്. 2002ൽ കർണാടകയിൽ നിന്ന് എംബിബിഎസ് ജയിച്ചെന്നാണ് 45കാരിയായ ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഫാർമസി ഡിപ്ലോമ കോഴ്സ് പഠിച്ചതിന്റെ അറിവു വച്ചാണു മരുന്നു കുറിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.