ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ദാരുണമായ സംഭവം നടന്നത്. റൂബി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വികാസ് കൊലപാതകത്തിനുശേഷം ഒളിവിലാണ്. വീട്ടിലെ അടുക്കളയില്‍ വച്ചാണ് പ്രതി റൂബിയെ വെടിവച്ചത്. സംഭവത്തില്‍ പോലീസ് പ്രതിക്കായി അന്വേഷണം നടത്തിവരികയാണ്.
വികാസും ഭാര്യ റൂബിയും ഗുണ്ടാസംഘത്തിലെ അംഗങ്ങളാണ്. വികാസ് റൂബിയോട് പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആ സമയത്തെ ദേഷ്യത്തില്‍ വികാസ് റൂബിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് ഇയാള്‍ ഓടി രക്ഷപ്പെട്ടു.
ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണ്. സംഭവസമയത്ത് ദമ്പതികളുടെ 11 വയസ്സുള്ള മകള്‍ വീട്ടിലുണ്ടായിരുന്നു. മറ്റൊരു മകള്‍ സ്‌കൂളിലായിരുന്നു. പോലീസ് വീട്ടിലെത്തി റൂബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അവര്‍ മരണപ്പെട്ടിരുന്നു.
advertisement
ഗുണ്ടാസഘത്തിലെ ദമ്പതികള്‍ ഒരു വര്‍ഷം മുമ്പാണ് ഗാസിയാബാദിലെ അജ്‌നാര ഇന്റഗ്രിറ്റിയിലേക്ക് താമസം മാറിയതെന്ന് പോലീസ് പറയുന്നു. അവര്‍ എഫ് ടവറിന്റെ 9-ാം നിലയിലാണ് താമസിച്ചിരുന്നത്.
ദമ്പതികള്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. വികാസ് മാസങ്ങളോളം വീട്ടില്‍ നിന്ന് മാറിനില്‍ക്കാറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഇയാള്‍ക്ക് സ്ഥിര ജോലിയും ഇല്ലായിരുന്നു. ഇത് ദമ്പതികള്‍ക്കിടയിലെ വഴക്കിനും തര്‍ക്കങ്ങള്‍ക്കും കാരണമായിരുന്നു.
റൂബിക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഇവരുടെ സഹോദരന്‍ 2019-ല്‍ കൊല്ലപ്പെട്ടിരുന്നു. 2020-ല്‍ മോഡിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഗുണ്ടാസംഘാംഗമാണ് റൂബി. വികാസ് യഥാര്‍ത്ഥത്തില്‍ മീററ്റില്‍ നിന്നുള്ളയാളാണ്. അവിടെയും ഇയാളൊരു ഗുണ്ടയായിരുന്നു.
റൂബിയുടെ മൃതദേഹം പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. വികാസിനായുള്ള അന്വേഷണം നടന്നുവരികയാണ്.