വിവാഹത്തിന് തൊട്ടുമുമ്പ് സാരിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവ് പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്നഗറിൽ പ്രഭുദാസ് തടാക പ്രദേശത്തെ ടെക്രി ചൗക്കിന് സമീപം ശനിയാഴ്ചയാണ് സംഭവം നടന്നത്. വിവാഹം നിശ്ചയിച്ചിരുന്നതിന് ഒരു മണിക്കൂർ മുമ്പായിരുന്നു കൊലപാതകം.
advertisement
23 കാരിയായ സോണി ഹിമ്മത് റാത്തോഡ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവ ശേഷം പ്രതിയായ സാജൻ ബരയ്യ ഓടി രക്ഷപെട്ടു. കുടുംബങ്ങളുടെ എതിർപ്പ് അവഗണിച്ച് ഒരു വർഷത്തിലേറെയായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇവരുടെ വിവാഹനിശ്ചയം കഴിയുകയും വിവാഹത്തിന് മുമ്പുള്ള മിക്ക ചടങ്ങുകളും പൂർത്തിയാക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
ചടങ്ങിന് തൊട്ടുമുമ്പ് സാരിയും പണവും സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. തർക്കം രൂക്ഷമായതോടെ സാജൻ സോണിയെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയും തുടർന്ന് തല ചുമരിൽ ഇടിക്കുകയും ചെയ്തു. സോണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രതി വീട് തകർത്തതിനു ശേഷം ഓടി രക്ഷപ്പെട്ടതായി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആർ ആർ സിംഗാൾ പറഞ്ഞു.
വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
