ഒരു വിവാഹച്ചടങ്ങിനിടെയുണ്ടായ സംഘര്‍ത്തെ തുടര്‍ന്നാണ് രോഹിത്തിനെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. വിവാഹ ആഘോഷത്തിനിടെ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും അപമാനിക്കുകയും ചെയ്ത യുവാക്കളെ രോഹിത് വിലക്കിയതാണ് ആക്രമണത്തിന് കാരണം. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രോഹിത് മരണപ്പെട്ടത്.
നവംബര്‍ 27-നാണ് സംഭവം നടന്നത്. റെവാരി ഖേര ഗ്രാമത്തില്‍ നടന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോയതായിരുന്നു രോഹിതും സുഹൃത്തായ ജതിനും. വിവാഹ വേദിയില്‍ വരന്റെ ആളുകളായ ചില യുവാക്കള്‍ സ്ത്രീകളെ ഉപദ്രവിക്കുന്നത് രോഹിത് എതിര്‍ത്തതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പ്രതികളും രോഹിതുമായി വിവാഹത്തിനിടെ തര്‍ക്കമുണ്ടായെന്നും പിന്നീട് സംഘം തിരിച്ചുപോയതായും പോലീസ് വ്യക്തമാക്കി.
advertisement
എന്നാല്‍ അന്ന് രാത്രി രോഹിതും ധന്‍കറും റോഹ്തകിലേക്ക് മടങ്ങുമ്പോള്‍ അക്രമികള്‍ ആക്രമിക്കുകയായിരുന്നു. ഇരുവരും സഞ്ചരിച്ച കാറിലേക്ക് അക്രമി സംഘം പിന്നില്‍ നിന്ന് വാഹനമിടിപ്പിച്ചു. തുടര്‍ന്ന് ഇരുമ്പു വടികളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ചാണ് രോഹിതിനെ മര്‍ദ്ദിച്ചത്. ഭിവാനി ജില്ലയില്‍ അടച്ചിട്ട റെയില്‍വേ ക്രോസിനടുത്താണ് സംഭവം നടന്നത്. ഏകദേശം 20 ഓളം ആളുകള്‍ ചേര്‍ന്നാണ് രോഹിത് ധന്‍കറിനെ ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. രോഹിതിന് ബോധം പോകുന്നതു വരെ സംഘം തല്ലിചതച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജതിന്‍ ഓടി രക്ഷപ്പെട്ടു.
രോഹിതിനെ ഭിവാനി ജനറല്‍ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് റോഹ്തകിലെ പിജിഐഎംഎസിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായതോടെയാണ് അദ്ദേഹം മരണപ്പെട്ടത്.
അക്രമികളെ അറസ്റ്റു ചെയ്യാനും തിരിച്ചറിയാനുമായി നിരവധി അന്വേഷണ ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മൂന്ന് തവണ ദേശീയ പാരാ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യനായിരുന്നു ധന്‍കര്‍. 2018 ലെ ദേശീയ മത്സരങ്ങളില്‍ സീനിയര്‍ (107+ കിലോഗ്രാം), ജൂനിയര്‍ (107+ കിലോഗ്രാം) വിഭാഗങ്ങളില്‍ സ്വര്‍ണ്ണ മെഡലുകള്‍ നേടിയിരുന്നു. റോഹ്തകിലെ ജിംഖാന ക്ലബ്ബില്‍ ജിം പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
