പ്രൊവിഡന്റ് സൺവർത്ത് അപ്പാർട്ട്‍മെന്റ് അസോസിയേഷനെതിരെയും ടൈക്കോ സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന സുരക്ഷാ ഏജൻസിയ്ക്കെതിരെയുമാണ് കുംബളഗോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2025 ജൂലൈ മുതൽ നവംബർ വരെ കാലയളവിൽ അപ്പാർട്ട്‍മെന്റിൽ താമസിക്കുന്നവരിൽ നിന്ന് മയക്കുമരുന്ന് ഉപയോഗം, രാത്രി വൈകിയുള്ള പാർട്ടികൾ തുടങ്ങിയ സംഭവങ്ങളുടെ പേരിൽ പൊലീസ് ഇടപെടൽ ഒഴിവാക്കി പിഴ ഈടാക്കിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ കാലയളവിൽ 3.3 ലക്ഷം രൂപയിലധികം പിഴയായി സമാഹരിച്ചതായി പൊലീസ് വ്യക്തമാക്കി. 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ഈടാക്കിയ സംഭവങ്ങളും ഉണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
advertisement
കുറ്റകൃത്യങ്ങൾ നിയമപ്രകാരം രജിസ്റ്റർ ചെയ്യേണ്ട സാഹചര്യത്തിൽ സ്വയം നിശ്ചയിച്ച പിഴയിലൂടെ വിഷയം തീർപ്പാക്കിയത് ഗുരുതരമായ നിയമലംഘനമാണെന്ന് പൊലീസ് വ്യക്തമാക്കി. സ്വകാര്യ റെസിഡന്റ് അസോസിയേഷനുകൾക്ക് ക്രിമിനൽ കേസുകൾ അന്വേഷിക്കാനോ ശിക്ഷ വിധിക്കാനോ യാതൊരു നിയമാധികാരവും ഇല്ലെന്നും, ഇത്തരം നടപടികൾ നിയമവ്യവസ്ഥയെ തന്നെ ദുർബലപ്പെടുത്തുന്നതാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
2003 മുതൽ പ്രവർത്തിച്ചു വരുന്ന ഈ അപ്പാർട്ട്‍മെന്റ് അസോസിയേഷൻ സ്വയം തയ്യാറാക്കിയ ബൈലോ ഉപയോഗിച്ചാണ് ഇത്തരം കാര്യങ്ങൾ നടപ്പിലാക്കിയത്. പാർക്കിങ് പോലുള്ള ചെറുകിട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടങ്ങൾ പിന്നീട് മയക്കുമരുന്ന് കൈവശംവെക്കൽ, മോഷണം, ലൈംഗികാതിക്രമം പോലുള്ള ക്രിമിനൽ കുറ്റങ്ങളിലേക്കും വ്യാപിപ്പിച്ചതായും പൊലീസ് കണ്ടെത്തി. കുറ്റം ആരോപിക്കപ്പെട്ടവരെ പൊലീസിൽ ഏൽപ്പിക്കാതെ പിഴ അടപ്പിച്ച് വിഷയം ഒതുക്കിതീർക്കുന്ന സമീപനമാണ് അസോസിയേഷനും സ്വകാര്യ സുരക്ഷ ഏജൻസിയും ചേർന്ന് സ്വീകരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
പിഴ ഈടാക്കിയത് അപ്പാർട്ട്‍മെന്റിന്റെ ബേസ്‌മെന്റിലെ ഓഫീസിൽ വെച്ചാണെന്നും, പണം നേരിട്ടും ഓൺലൈൻ ഇടപാടുകളിലൂടെയും സ്വീകരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ മറച്ചുവെക്കുകയും നിയമനടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തതിലൂടെ ഇരകൾക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും പ്രതികളെ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചുവെന്നും പൊലീസ് കുറ്റപ്പെടുത്തി.
പൊലീസിന് ലഭിച്ച അജ്ഞാതപരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് 2023 മുതൽ പിഴ അടച്ച എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും, ഭാരതീയ ന്യായസംഹിതയിലെയും എൻഡിപിഎസ് നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. സ്വകാര്യ അപ്പാർട്ട്‍മെന്റ് അസോസിയേഷനുകൾക്ക് ക്രിമിനൽ കേസുകൾ അന്വേഷിക്കാനോ ശിക്ഷ വിധിക്കാനോ യാതൊരു നിയമാധികാരവും ഇല്ലെന്നും, ഇത്തരം ‘പാരലൽ ജസ്റ്റിസ്’ സംവിധാനങ്ങൾ അനുവദനീയമല്ലെന്നും പൊലീസ് കർശനമായി മുന്നറിയിപ്പ് നൽകി.
