ഭാഗ്യം പരീക്ഷിക്കുന്നതിനായി ഒരിക്കലെങ്കിലും ഒരു കസിനോ സന്ദർശിക്കണമെന്നത് ഇയാളുടെ സ്വപ്നമായിരുന്നു. അങ്ങനെയാണ് അതുവരെ സമ്പാദിച്ച നാല് ലക്ഷം രൂപയുമായി യുവാവ് ഗോവയിലെ ചൂതാട്ടകേന്ദ്രത്തിൽ എത്തുന്നത്. ചൂതാട്ടത്തിൽ പങ്കെടുത്ത് ഇയാൾക്ക് 25 ലക്ഷത്തോളം രൂപ ലഭിക്കുകയും ചെയ്തു.
വളരെ സന്തോഷത്തോടെയാണ് തിലക് മണികണ്ഠ ഗോവയിൽനിന്ന് ബംഗളുരുവിലേക്ക് വണ്ടി കയറിയത്. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. തിലക് മണികണ്ഠയ്ക്ക് ചൂതാട്ടത്തിൽനിന്ന് ലക്ഷങ്ങൾ കിട്ടിയെന്ന വാർത്ത നാട്ടിൽ കാട്ടുതീ പോലെ പടർന്നു. വീട്ടിലെത്തി ഒരുദിവസത്തിനകം ഇയാളെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി.
advertisement
അവരുടെ പക്കൽനിന്ന് രക്ഷപ്പെടാനായി 15 ലക്ഷം രൂപ മോചനദ്രവ്യമായി വിവിധ ആളുകളുടെ അക്കൌണ്ടിലേക്ക് അയച്ചു നൽകുകയായിരുന്നു. പണം ലഭിച്ചതോടെ തട്ടിക്കൊണ്ടുപോയവർ തിലക് മണികണ്ഠയെ നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് ഉപേക്ഷിച്ചു. പൊലീസിൽ പരാതി നൽകിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സംഘം തിലകിനെ ഭീഷണിപ്പെടുത്തി.
ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 മണിയോടെയാണ് തിലകിനെ തട്ടിക്കൊണ്ടുപോകുന്നത്. ഓഗസ്റ്റ് ആറിന് രാവിലെ എട്ട് മണിയോടെ വിട്ടയയ്ക്കുകയും ചെയ്തു. വധഭീഷണി ഉണ്ടായിരുന്നെങ്കിലും തിലക് മണികണ്ഠ സംഭവത്തിൽ പൊലീസിന് പരാതി നൽകി.
ജൂലൈ 30നാണ് തിലക് മണികണ്ഠ സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോയത്. അവിടെ മണ്ഡോവി നദിയുടെ തീരത്തുള്ള മജസ്റ്റിക് പ്രൈഡ് കസിനോയിലാണ് ഇദ്ദേഹം പോയത്. 25 ലക്ഷം രൂപ ലഭിച്ചതോടെ തിലക് ഓഗസ്റ്റ് നാലിന് ബംഗളുരുവിലേക്ക് മടങ്ങുകയും ചെയ്തു.
പിറ്റേദിവസം രാവിലെ വീടിന് സമീപത്തെ ബേക്കറിക്ക് മുന്നിൽ നിൽക്കുമ്പോഴാണ് കാറിലെത്തിയ ഒരു സംഘം ആളുകൾ തിലക് മണികണ്ഠയെ തട്ടിക്കൊണ്ടുപോയത്. മൈസുരു റോഡിലെ ജ്ഞാനഭാരതി ക്യാംപസിന് സമീപമുള്ള ഒഴിഞ്ഞ പ്രദേശത്തേക്കാണ് തിലകിനെ സംഘം കൊണ്ടുപോയത്. അവിടെ ആൾപാർപ്പില്ലാത്ത വീട്ടിലെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു.
ഇതിനുശേഷം 10 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സംഘം തിലകിനെ ക്രൂരമായി മർദിക്കുകയും ചെയ്തു. വടി ഉപയോഗിച്ചായിരുന്നു മർദനം. തിലകിന്‍റെ മൊബൈൽഫോൺ ബലമായി പിടിച്ചുവാങ്ങുകയും ഓൺലൈൻ ബാങ്കിങ് വഴി വിവിധ അക്കൌണ്ടുകളിലേക്ക് 15 ലക്ഷം രൂപ കൈമാറ്റം ചെയ്യുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാർത്തിക്ക്, പണ്ടു, ഈശ്വർ, നിശ്ചൽ എന്നിവരാണ് പ്രതികൾ. ഇവർ ഒളിവിലാണെന്നും, ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.