കാഞ്ഞൂർ, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബ്ബുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കാഞ്ഞൂർ, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ ഹബ്ബുകളുടെ ചുമതലയുണ്ടായിരുന്ന സിദ്ദിഖി, കെ. അലിയാർ, ജാസിം ദിലീപ്, ഹാരിസ് പിഎ, മാഹിൻ നൗഷാദ് എന്നിവർക്കെതിരെയാണ് എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്തത്.
ഇവർ 332 മൊബൈൽ ഫോണുകളാണ് തട്ടിയെടുത്തത്. ഇതിൽ സാംസങ് ഗാലക്‌സി, വിവോ, ഐക്യുഒ എന്നിവയുടെ മോഡലുകൾ ഉൾപ്പെടുന്നു. കാഞ്ചൂർ ഹബ്ബിൽ നിന്നുമാത്രം 18.14 ലക്ഷം രൂപ വിലവരുന്ന 38 ഫോണുകൾ, കുറുപ്പംപടി ഹബ്ബിൽ നിന്ന് 40.97 ലക്ഷം രൂപ വിലവരുന്ന 87 ഫോണുകൾ, മേക്കാട് ഹബ്ബിൽ നിന്ന് 48.66 ലക്ഷം രൂപ വിലവരുന്ന 101 ഫോണുകൾ, മൂവാറ്റുപുഴ ഹബ്ബിൽ നിന്ന് 53.41 ലക്ഷം രൂപ വിലവരുന്ന 106 ഫോണുകൾ എന്നിങ്ങനെയാണ് ഓർഡർ ചെയ്തത്.
advertisement
നിരവധി മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് വ്യാജ വിലാസങ്ങൾ സൃഷ്ടിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഇത്തരം വിലാസങ്ങളിലേക്ക് ഓർഡർ ചെയ്ത് ഡെലിവറി ഹബ്ബിലേക്ക് എത്തുന്ന ഫോണുകൾ നഷ്ടപ്പെട്ടു എന്ന് രേഖകളിൽ കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഓഗസ്റ്റ് 31 മുതൽ ഒക്ടോബർ 26 വരെയുള്ള കാലയളവിലായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെയാണ് കമ്പനി പൊലീസിൽ പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് കേസ്.
