അറസ്റ്റിന് പിന്നാലെ ടൊറന്റോ അതിരൂപത ജെയിംസ് ചേരിക്കലിനെ വൈദിക ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി നീക്കി. കൊച്ചി ആസ്ഥാനമായുള്ള സീറോ-മലബാര്‍ സഭ കേരളത്തിലെ ഏറ്റവും പ്രമുഖമായിട്ടുള്ള കത്തോലിക്ക സഭകളിലൊന്നാണ്. റോമിന് കീഴിലുള്ള 23 ഓറിയന്റല്‍ സഭകളില്‍ ഒന്നുമാണിത്.
താമരശ്ശേരി അതിരൂപതയിലെ അംഗമാണ് 60-കാരനായ ഫാദര്‍ ജെയിംസ് ചേരിക്കല്‍. ഏകദേശം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇദ്ദേഹം ടൊറന്റോ അതിരൂപതയ്ക്ക് കീഴിലുള്ള വിവിധ ഇടവകകളില്‍ സേവനം ചെയ്യുകയായിരുന്നുവെന്ന് കൊച്ചിയില്‍ നിന്നുള്ള സഭാ വൃത്തങ്ങള്‍ അറിയിച്ചു.
advertisement
നിലവില്‍ ജെയിംസ് ചേരിക്കല്‍ ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കത്തോലിക്കാ പള്ളിയിലെ വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നുവെന്ന് ഡിസംബര്‍ 20-ന് ഇറക്കിയ പ്രസ്താവനയില്‍ ടൊറന്റോ അതിരൂപത അറിയിച്ചു. ഫാദര്‍ ജെയിംസ് ചേരിക്കലിന്റെ പെരുമാറ്റം മോശമാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടതായും അതിരൂപത പ്രസ്താവനയിലൂടെ അറിയിച്ചു.
ഡിസംബര്‍ 18-നാണ് പീല്‍ റീജിയണല്‍ പൊലീസ് വൈദികനെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി കേസ് എടുത്തത്. ദുഷ്‌പെരുമാറ്റ ആരോപണങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകളും നടപടിക്രമങ്ങളും പാലിച്ച് ഫാദര്‍ ചേരിക്കലിനെ വൈദിക ശുശ്രൂഷയില്‍ നിന്ന് നീക്കിയതായും ടൊറന്റോ അതിരൂപത പ്രസ്താവനയില്‍ പറഞ്ഞു. കുറ്റാരോപണം തെളിയിക്കപ്പെടുന്നതു വരെ അദ്ദേഹത്തെ നിരപരാധിയായി കണക്കാക്കുമെന്നും ഇത്തരം ആരോപണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതിരൂപത കൂട്ടിച്ചേര്‍ത്തു.
ജെയിംസ് ചേരിക്കലിന്റെ അറസ്റ്റിനു പിന്നാലെ അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്ന സെന്റ് ജെറോംസ് പള്ളിയില്‍ ഡിസംബര്‍ 25 മുതല്‍ വിശുദ്ധ കുര്‍ബാന റദ്ദാക്കി.
1997 മുതല്‍ കാനഡയില്‍ ടൊറാന്റോ അതിരൂപതയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുകയാണ് ഫാദര്‍ ചേരിക്കല്‍. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ബ്രാംപ്ടണിലെ പള്ളിയിലേക്ക് മാറിയത്. കൂടാതെ കേരളത്തില്‍ നിന്നുള്ള കത്തോലിക്കാ കുടിയേറ്റക്കാര്‍ക്കായി സ്ഥാപിച്ചിട്ടുള്ള കാനഡയിലെ സീറോ-മലബാര്‍ മിഷനിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വൈദികരുടെ ഒഴിവുകള്‍ നികത്താന്‍ കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പറന്ന നൂറുകണക്കിന് വൈദികരില്‍ ചേരിക്കലും ഉള്‍പ്പെടുന്നുവെന്ന് സഭാ വൃത്തങ്ങള്‍ പറഞ്ഞു. കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സീറോ-മലബാര്‍ സഭ സ്ഥാപിച്ച പള്ളികളില്‍ നിരവധി പുരോഹിതന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ കേരളത്തില്‍ നിന്നുള്ള ധാരാളം കത്തോലിക്കാ കുടുംബങ്ങളും സ്ഥിരതാമസമാക്കിയിട്ടുണ്ട്. കാനഡയിലേക്ക് പോകുന്നതിനുമുമ്പ് ചേരിക്കല്‍ താമരശ്ശേരി രൂപതയുമായി ബന്ധപ്പെട്ട് വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു.
