മാതാവിന്റെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി നിഷാമിന് 30 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാണ് ഭാര്യ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അപേക്ഷ ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരോള്‍ നിഷേധിച്ചു. പൊലീസ് റിപ്പോര്‍ട്ട് എതിരായതിനാലാണ് സിംഗിള്‍ ബെഞ്ച് പരോള്‍ നിഷേധിച്ചത്. പിന്നാലെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചത്.
നിലവില്‍ മുഹമ്മദ് നിഷാം വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. പരോള്‍ അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവ് ജയില്‍ അധികൃതര്‍ ഇനി സര്‍ക്കാരിന് കൈമാറും. മുഹമ്മദ് നിഷാം മുൻപും പരോള്‍ നേടി ജയിലില്‍നിന്ന് പുറത്തിറങ്ങിയിരുന്നു.
advertisement
തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) കാറിടിപ്പിച്ച് കൊലപ്പെടുത്തിയതിനാണ് വ്യവസായിയായ മുഹമ്മദ് നിഷാമിനെ കോടതി ശിക്ഷിച്ചത്. 2015 ജനുവരി 29ന് തൃശ്ശൂര്‍ ശോഭ സിറ്റിയിലായിരുന്നു സംഭവം. ഗേറ്റ് തുറക്കാന്‍ വൈകിയതിനാണ് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. പിന്നാലെ ഹമ്മര്‍ കാറിടിപ്പിച്ച് വീഴ്ത്തി. വീണുകിടന്ന ഇയാളെ എഴുന്നേല്‍പിച്ച് വാഹനത്തില്‍ കയറ്റി പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചു.
സെക്യൂരിറ്റി റൂമും ഫര്‍ണിച്ചറുകളും, ജനലുകളും അടിച്ച് തകര്‍ത്ത മുഹമ്മദ് നിഷാം ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അയ്യന്തോള്‍ കല്ലിങ്ങല്‍ വീട്ടില്‍ അനൂപിനെയും (31) മര്‍ദിച്ചു. മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫ്ലയിങ് സ്‌ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമണത്തില്‍ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് തൃശൂര്‍ അമല ആശുപത്രിയില്‍ വെച്ച് ചന്ദ്രബോസ് മരിച്ചു. പൊട്ടിയ വാരിയെല്ലുകള്‍ തറഞ്ഞുകയറി ആന്തരാവയങ്ങള്‍ക്ക് സംഭവിച്ച മുറിവുകളും ക്ഷതങ്ങളുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം കണ്ടെത്തല്‍.
ചന്ദ്രബോസ് കൊലക്കേസില്‍ ജീവപര്യന്തം തടവിനാണ് വിചാരണ കോടതി നിഷാമിനെ ശിക്ഷിച്ചത്. ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പിഴത്തുകയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും നിര്‍ദേശിച്ചു. വിചാരണ കോടതിയുടെ വിധി പിന്നീട് ഹൈക്കോടതിയും ശരിവെച്ചു. നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.