ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് പ്രതി ഋതു നിരാശ പ്രകടിപ്പിച്ചതായി പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇനിയും പകയടങ്ങാത്ത മനസുമായി ഋതു പൊലീസിന് മൊഴി നല്‍കിയത്. ജിതിനെ ലക്ഷ്യമിട്ടായിരുന്നു മുഴുവന്‍ ആക്രമണങ്ങളും നടത്തിയത്. സ്റ്റീല്‍ കമ്പിയുമായി വീട്ടില്‍ എത്തിയത് ജിതിനെ തലയ്ക്കടിച്ച് കൊല്ലുക എന്ന ലക്ഷ്യത്തോടെയായിരുന്നു. മറ്റുള്ളവര്‍ തടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെയും ആക്രമിക്കുക എന്ന നിലയിലേക്ക് എത്തുകയായിരുന്നുവെന്നും ഋതു മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
കേസില്‍ ചോദ്യം ചെയ്യാനായി വെള്ളിയാഴ്ച വരെയാണ് ഋതുവിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വടക്കേക്കര പൊലീസിന്റെ കസ്റ്റഡിയില്‍ ആണ് പ്രതി ഋതു ഉള്ളത്. 5 ദിവസത്തെ പൊലീസ് കസ്റ്റഡി ആണ് പറവൂര്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അനുവദിച്ചിരിക്കുന്നത്.
advertisement
ജനുവരി 18നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയായ ഋതുവാണ് ആക്രമണം നടത്തിയത്. ഇയാളുടെ ആക്രമണത്തില്‍ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റു. തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിന്‍ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു പ്രതി പറയുന്നത്. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്.
ആക്രമണം നടത്തുന്ന സമയത്ത് ഇയാള്‍ മദ്യമോ ലഹരിയോ ഒന്നും ഉപയോഗിച്ചിരുന്നില്ല. മാനസികപരമായി പ്രശന്ങ്ങള്‍ നേരിടുന്ന വ്യക്തിയല്ല ഇയാളെന്നും പരിശോധനയില്‍ തെളിഞ്ഞിരുന്നു. ജിതിനെ ഋതു ആക്രമിക്കാന്‍ ചെന്നപ്പോള്‍ ജിതിന്റെ ഭാര്യ വിനീഷയാണ് ആദ്യം പുറത്തിറങ്ങി വന്നത്. വിനീഷയെ അടിച്ച് വീഴത്തിയതിന് പിന്നാലെ ജിതിനെ തലയ്ക്കടിച്ച ശേഷം കത്തി കൊണ്ട് കുത്തി. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും പ്രതി തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഋതു സ്ഥിരം ശല്യക്കാരനാണെന്നാണ് നാട്ടുകാർ പറയുന്നത്.