ചോദ്യം ചെയ്യലിൽ സെബാസ്റ്റ്യൻ പറഞ്ഞ നിരവധി കാര്യങ്ങളുടെ തെളിവു നിരത്തി പ്രതിരോധിച്ചുകൊണ്ടാണ് ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെ അറസ്റ്റു ചെയ്തത്. ജെയ്നമ്മയെ അറിയില്ലെന്നാണ് സെബാസ്റ്റ്യൻ നൽകിയ നിർണായക മൊഴി. എന്നാൽ, ജെയ്നമ്മയുടെ മൊബൈൽ സെബാസ്റ്റ്യൻ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്.
Also Read: എട്ടുമാസം മുൻപ് കാണാതായ ജെയ്നമ്മയുടെ ഫോണിൽ നിന്ന് മിസ് കോൾ വരുന്നതെങ്ങനെ?
ഈരാറ്റുപേട്ടയിലെ കടയിൽ നിന്നും ജെയ്നമ്മയുടെ ഫോൺ സെബാസ്റ്റ്യൻ ചാർജ് ചെയ്യുന്ന സിസിടിവി ദൃശ്യം ക്രൈംബ്രാഞ്ച് കണ്ടെടുത്തു. ഒരാഴ്ചയ്ക്കുള്ളിൽ ഈരാറ്റുപേട്ടയിലെ ടവർ ലൊക്കേഷന് കീഴിൽ മൊബൈൽ ഫോൺ ഓണായത് കേന്ദ്രീകരിച്ച അന്വേഷണമാണ് കടയിൽ എത്തിച്ചത്. ഇവിടെനിന്ന് ചാർജർ വാങ്ങിയത് കൂടാതെ 100 രൂപയ്ക്ക് റീചാർജ് ചെയ്തതായും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. എന്നാൽ തുടർച്ചയായി കാര്യങ്ങളെക്കുറിച്ച് ചോദിച്ചെങ്കിലും കുറ്റം സമ്മതിക്കാൻ പ്രതി തയ്യാറായില്ല.
advertisement
പ്രായാധിക്യവും രോഗാവസ്ഥയും മൂലം ബുദ്ധിമുട്ടുന്ന പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോർത്തി എടുക്കുന്നതും ക്രൈംബ്രാഞ്ചിനെ വലക്കുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ തെളിവ് ലഭിക്കുന്ന മുറയ്ക്ക് വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.
പ്രതിക്ക് കൂടുതൽ കൊലപാതക കേസുകളിൽ പങ്കുണ്ടോ എന്നും അന്വേഷണസംഘം പരിശോധിച്ചു വരികയാണ്. പള്ളിപ്പുറത്തെ വീട്ടു പറമ്പിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തി. കേസിൽ നിർണായക വഴിത്തിരിവാകാൻ സാധ്യതയുള്ള ഡിഎൻഎ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി ഗിരീഷ് പി സാരഥി, ഡിവൈഎസ്പി സാജൻ സേവ്യർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അന്വേഷണം നടത്തുന്നത്.
അതേസമയം, കാണാതായ ജെയ്നമ്മയുടെ ഫോണിൽ നിന്നു കഴിഞ്ഞ ഞായറാഴ്ചയും സഹോദരിക്ക് കോൾ വന്നു. മിസ്ഡ് കോൾ ആണ് എത്തിയത്. തുടർന്ന് ഇവർ വിവരം ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ടവർ ലൊക്കേഷൻ മേലുകാവിൽ ആണെന്നു കണ്ടെത്തി. തുടർന്നു അന്വേഷണ സംഘവും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. അന്വേഷണം വഴി തെറ്റിക്കാനും ജെയ്നമ്മ മേലുകാവ് ഭാഗത്ത് ഉണ്ടെന്നു വിശ്വസിപ്പിക്കാനും സെബാസ്റ്റ്യന്റെ അറിവോടെയാണ് ഫോൺവിളി ആസൂത്രണം ചെയ്തതതെന്ന് അന്വേഷണ സംഘം പറയുന്നു.