കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് കേസിനാസ്പദമായ സംഭവം. കണിയാർക്കുന്നിൽ കുന്നുമ്മൽ ഹൗസിൽ പി. ജാനകി (77) വീട്ടുമുറ്റത്ത് മീൻ മുറിക്കുന്നതിനിടെയാണ് മോഷ്ടാവ് എത്തിയത്. വീടിന്റെ പിന്നിലൂടെയെത്തിയ മോഷ്ടാവ് ഒരു പവനോളം തൂക്കമുള്ള മാല പൊട്ടിച്ച ശേഷം വീടിനുള്ളിലൂടെ കയറി മുൻവശത്തുകൂടി പുറത്തേക്കോടി സ്കൂട്ടറിൽ രക്ഷപ്പെട്ടു.
മാല പൊട്ടിച്ച മോഷ്ടാവ് ഹെൽമറ്റ് ധരിച്ചിരുന്നെന്നും, കാഴ്ചക്കുറവുള്ളതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും വയോധിക മൊഴി നൽകിയിരുന്നു. ജാനകിയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞിരുന്നു.
advertisement
കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ നിർണ്ണായകമായി. സ്കൂട്ടറിൽ സഞ്ചരിച്ച പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തുടർന്നാണ് പ്രതി നഗരസഭ കൗൺസിലറായ പി.പി. രാജേഷാണെന്ന് തിരിച്ചറിയുകയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.