ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. തന്റെ നേരെ ആസിഡ് ആക്രമണം നടത്തിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയ പ്രധാന പ്രതി ജിതേന്ദ്രറിന്റെ ഭാര്യ നല്‍കിയ മറ്റൊരു പീഡന പരാതിയുമായി ഇതിന് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
ആസിഡ് ആക്രമണം ഉണ്ടായതായി അവകാശപ്പെട്ട് യുവതി
ഡല്‍ഹി സര്‍വകലാശാലയിലെ നോണ്‍-കൊളീജിയറ്റ് വനിതാ ബോര്‍ഡില്‍ ചേര്‍ന്ന 19കാരിയാണ് താന്‍ ആസിഡ് ആക്രമണത്തിന് ഇരയായതായി ആരോപിച്ചത്. രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ അവര്‍ തന്നെ മൂന്ന് പുരുഷന്മാര്‍ ചേര്‍ന്ന് ആക്രമിച്ചതായി ആരോപിച്ചു. വിദ്യാര്‍ഥിനിയുടെ കൈകളില്‍ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒക്ടോബര്‍ 26ന് ഡല്‍ഹി പോലീസ് അറിയിച്ചു.
advertisement
ജിതേന്ദര്‍ എന്നയാളും ഇയാളുടെ സഹായികളും സഹോദരന്മാരുമായ ഇഷാന്‍, അര്‍മാന്‍ എന്നിവരുമാണ് തന്നെ ആക്രമിച്ചതെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പെണ്‍കുട്ടികളുടെ ബന്ധുക്കളാണെന്ന് തെളിഞ്ഞു.
സ്‌പെഷ്യല്‍ ക്ലാസില്‍ പങ്കെടുക്കാനായി കോളേജിലേക്ക് പോകവെയാണ് താന്‍ ആസിഡ് ആക്രമണത്തിന് ഇരയായതെന്ന് പെണ്‍കുട്ടി അവകാശപ്പെട്ടു. ഇയാളെ തനിക്ക് പരിചയമുണ്ടായിരുന്നുവെന്നും ഒരു മാസം മുമ്പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും അവര്‍ ആരോപിച്ചു. തുടര്‍ന്ന് കൈകളില്‍ പൊള്ളലേറ്റ നിലയില്‍ അവരെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമിച്ചയാള്‍ മാസങ്ങളായി പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നുവെന്ന് ഡിസിപി ഭീഷം സിംഗ് ആദ്യം പറഞ്ഞിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ മൊഴിയിലും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ജിതേന്ദ്രറിന്റെ ലൊക്കേഷനിലും പൊരുത്തക്കേടുകള്‍ ഉള്ളതായി പോലീസ് കണ്ടെത്തി.
അന്വേഷണത്തിലെ കണ്ടെത്തലുകള്‍
- താനും തന്റെ മകളും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് ആസിഡ് ആക്രമണമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിനോട് പറഞ്ഞു. തനിക്കെതിരേ ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനും കേസ് നല്‍കിയ സ്ത്രീയുടെ ഭര്‍ത്താവിനെയും താനുമായി നിയമപരവും വ്യക്തിപരവുമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തന്റെ രണ്ട് ബന്ധുക്കളെയും കേസില്‍ കുടുക്കാനായാണ് അങ്ങനെ ചെയ്‌തെന്നും അയാൾ പറഞ്ഞു.
- സ്വയം പൊള്ളലേല്‍പ്പിക്കാനായി പെണ്‍കുട്ടി വീട്ടില്‍ നിന്ന് എടുത്ത ടോയ്‌ലറ്റ് ക്ലീനറാണ് ഉപയോഗിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
- ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പ് ജിതേന്ദ്രറിന്റെ ഭാര്യ പരിക്കേറ്റ പെണ്‍കുട്ടിയുടെ അച്ഛനെതിരേ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പരാതി നല്‍കിയിരുന്നു. 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഇയാളുടെ ഫാക്ടറിയില്‍ താന്‍ ജോലി ചെയ്തിരുന്നതായും ഈ സമയം അയാള്‍ തന്നെ ബലാത്സംഗം ചെയ്തതായും സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും സ്ത്രീ പോലീസിനോട് പറഞ്ഞു.
- വ്യാജ കഥ കെട്ടിച്ചമച്ചതിന് പെണ്‍കുട്ടിക്കും പിതാവിനുമെതിരേ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഡല്‍ഹി പോലീസ് നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.
- ആസിഡ് ആക്രമണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് മറ്റ് രണ്ട് പുരുഷന്മാരും സംഭവസമയത്ത് അവരുടെ അമ്മയോടൊപ്പം ആഗ്രയില്‍ ആയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. അവരുടെ അമ്മ ലൈംഗിക പീഡന പരാതി ആരോപിക്കപ്പെട്ടയാളുടെ അകന്ന ബന്ധുവാണെന്നും അയാളുമായി സ്വത്ത് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
- ആസിഡ് ആക്രമണം ആരോപിച്ച പെണ്‍കുട്ടി തന്റെ സഹോദരനോടൊപ്പം ഇരുചക്രവാഹനത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായും സഹോദരന്‍ അവരെ അശോക് വിഹാര്‍ പ്രദേശത്ത് ഇറക്കിവിട്ടതായും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. അവിടെ നിന്ന് പെണ്‍കുട്ടി ഒരു ഓട്ടോ റിക്ഷയില്‍ കയറുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ പെണ്‍കുട്ടി പരാതി ആരോപിച്ച മൂന്ന് പേരെയും ദൃശ്യങ്ങളില്‍ കാണുന്നില്ലെന്നും പോലീസ് പറഞ്ഞു.
