കൊല ക്രൂരമായി
വായ്ക്കുള്ളില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി വൈദ്യുതി കടത്തിവിട്ട്, ഇത് പൊട്ടിച്ചാണ് ആണ്‍സുഹൃത്ത് ദര്‍ശിതയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികവിവരം. മുഖമാകെ വികൃതമായനിലയിലാണ് ദര്‍ശിതയുടെ മൃതദേഹം ലോഡ്ജ്മുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആണ്‍സുഹൃത്തിന് പുറമേ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും കര്‍ണാടക പൊലീസ് അന്വേഷിക്കുന്നുണ്ട്.
മോഷണം ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാൻ?
കല്യാട്ട് സിബ്ഗ കോളേജിന് സമീപം അഞ്ചാംപുര വീട്ടില്‍ കെ സി സുമതയുടെ വീട്ടില്‍ വെള്ളിയാഴ്ച പട്ടാപ്പകലാണ് മോഷണം നടന്നത്. സുമതയുടെ മകന്‍ സുഭാഷിന്റെ ഭാര്യയാണ് കര്‍ണാടക സ്വദേശിനിയായ ദര്‍ശിത. സുഭാഷ് വിദേശത്താണ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ സുമതയും മറ്റൊരു മകന്‍ സൂരജും ചെങ്കല്‍പ്പണയില്‍ ജോലിക്കായി പോയി. ഇതിനുപിന്നാലെ വീട്ടിലുണ്ടായിരുന്ന ദര്‍ശിത കുഞ്ഞുമായി ഹുന്‍സൂരിലെ സ്വന്തംവീട്ടിലേക്കും പോയി. തുടര്‍ന്ന് വൈകിട്ട് നാലരയോടെ സുമത വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്നവിവരമറിയുന്നത്. 30 പവന്‍ സ്വര്‍ണവും 5 ലക്ഷം രൂപയുമാണ് വീട്ടില്‍നിന്ന് നഷ്ടപ്പെട്ടിരുന്നത്.
advertisement
മുന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അലമാര തുറന്നാണ് പണവും സ്വര്‍ണവും മോഷ്ടിച്ചതെന്നായിരുന്നു നിഗമനം. വിവരമറിഞ്ഞ് ഇരിക്കൂര്‍ പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ സ്വന്തംവീട്ടിലേക്ക് പോയ ദര്‍ശിതയില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെ ബന്ധപ്പെടാനായില്ല. ഇതിനുപിന്നാലെയാണ് കര്‍ണാടകയിലെ ലോഡ്ജ് മുറിയില്‍ ദര്‍ശിതയെ കൊലപ്പെട്ടനിലയില്‍ കണ്ടെത്തിയെന്നവിവരം പൊലീസിന് ലഭിച്ചത്.
ആണ്‍സുഹൃത്തിനൊപ്പം പോകാനായി ദര്‍ശിത തന്നെയാണ് കല്യാട്ടെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്നതെന്നാണ് നിഗമനം. ആണ്‍സുഹൃത്തിനൊപ്പം കഴിയാനായി ഈ പണവും സ്വര്‍ണവും ഉപയോഗിക്കാനായിരുന്നു മോഷണമെന്നും പൊലീസ് കരുതുന്നു. വെള്ളിയാഴ്ച രണ്ടുവയസ്സുള്ള കുട്ടിയുമായി കര്‍ണാടകയിലെ സ്വന്തം വീട്ടിലെത്തിയ ദര്‍ശിത, കുഞ്ഞിനെ വീട്ടിലാക്കിയശേഷമാണ് ആണ്‍സുഹൃത്തിനൊപ്പം പോയത്. തുടര്‍ന്നാണ് ഇരുവരും സാലിഗ്രാമത്തിലെത്തി ലോഡ്ജില്‍ മുറിയെടുത്തത്. എന്നാല്‍, ലോഡ്ജില്‍വെച്ച് ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. രണ്ടുപേരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് സിദ്ധരാജു യുവതിയെ കൊലപ്പെടുത്തിയെന്നുമാണ് സൂചന.
ഒന്നിച്ച് അമ്പലത്തിൽപോയി; അതിനുശേഷം ലോഡ്ജിൽ മുറിയെടുത്തു
ദര്‍ശിതയുടെ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ആൺസുഹൃത്ത് കര്‍ണാടക പൊലീസിന് നല്‍കിയ ആദ്യമൊഴി. ഞായറാഴ്ച രാവിലെ ഒന്നിച്ച് അമ്പലത്തില്‍ പോയി. അതിന് ശേഷമാണ് ലോഡ്ജില്‍ മുറിയെടുത്തത്. പിന്നീട് ഭക്ഷണം വാങ്ങിക്കാന്‍ പുറത്തുപോയി വന്നപ്പോള്‍ ദര്‍ശിത മുറി തുറന്നില്ല. ലോഡ്ജ് ജീവനക്കാരെ വിളിച്ച് വാതില്‍ പൊളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും വിശദമായ ചോദ്യംചെയ്യലിലുമാണ് കൊലപാതകത്തിന് പിന്നില്‍ ആണ്‍സുഹൃത്താണെന്ന് പൊലീസ് കണ്ടെത്തിയത്. കല്യാട്ടെ വീട്ടില്‍ നടന്ന മോഷണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് നിഗമനം. വിശദമായ അന്വേഷണത്തിനായി കണ്ണൂരില്‍നിന്നുള്ള പൊലീസ് സംഘവും കര്‍ണാടകയിലെത്തി.