കമ്പനിയുടെയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെയും മറ്റ് ജീവനക്കാരുടെയും ജീവനുള്ളതുപോലെ തോന്നിപ്പിക്കുന്ന വീഡിയോകളും ശബ്ദവും നിര്‍മിക്കുന്നതിന് കുറ്റവാളികള്‍ ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നു. ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനാണ് തട്ടിപ്പിന് ഇരയായത്. ജനുവരി പകുതിയോടെ പണം രഹസ്യമായി കൈമാറാന്‍ നിര്‍ദേശിക്കുന്ന സന്ദേശം കമ്പനിയുടെ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎഫ്ഒയില്‍ നിന്ന് ജീവനക്കാരന് ലഭിച്ചു. ആദ്യം ചെറിയൊരു സംശയം ഉണ്ടായിരുന്നെങ്കിലും മറ്റ് ജീവനക്കാരുള്‍പ്പെടുന്ന വീഡിയോ കോണ്‍ഫറന്‍സിൽ പങ്കെടുത്ത ശേഷം ഇയാള്‍ തുക കൈമാറുകയായിരുന്നു. മീറ്റിങ്ങില്‍ പങ്കെടുത്ത മറ്റ് ജീവനക്കാര്‍ യഥാര്‍ത്ഥമാണെന്ന് കരുതി ഇയാൾ തുക കൈമാറുകയായിരുന്നു. ഹോങ്കോങ്ങിലെ അഞ്ച് വ്യത്യസ്തമായ ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 തവണയായാണ് 25 മില്ല്യൺ ഡോളർ ഇയാള്‍ കൈമാറിയത്.
advertisement
പണം കൈമാറാന്‍ തുടങ്ങി ഒരാഴ്ചയ്ക്ക് ശേഷമാണ് ജീവനക്കാരന് താന്‍ തട്ടിപ്പിനിരയായ കാര്യം തിരിച്ചറിഞ്ഞത്. സൂം മീറ്റിങ്ങില്‍ പങ്കെടുത്ത ജീവനക്കാരെ തട്ടിപ്പുകാര്‍ ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയിലൂടെ വ്യാജമായി നിര്‍മിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ജീവനക്കാരുടെയെല്ലാം ശബ്ദവും അവരുടെ രൂപവും യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്നവിധം നിര്‍മിക്കുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിനിടെ തട്ടിപ്പുകാര്‍ സ്വയം പരിചയപ്പെടുത്തുകയും അവസാനിക്കുന്നതിന് മുമ്പ് പണം കൈമാറാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന് ശേഷം തട്ടിപ്പുകാര്‍ വിവിധ മെസേജിങ് സംവിധാനങ്ങള്‍, ഇമെയിലുകള്‍, വീഡിയോ കോളുകള്‍ എന്നിവയിലൂടെ ഇരയായ ജീവനക്കാരനുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താൻ ശ്രദ്ധിച്ചിരുന്നു.
കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെ വീഡിയോയും ശബ്ദരേഖയും വ്യാജമായി നിര്‍മിക്കുന്ന സാങ്കേതികവിദ്യയാണ് ഡീപ്‌ഫേക്ക്. തട്ടിപ്പുകള്‍ക്കായാണ് ഇത് മിക്കപ്പോഴും ഉപയോഗിച്ചുവരുന്നത്. ഇത്തരത്തില്‍ നിര്‍മിക്കപ്പെടുന്ന വീഡിയോയും ശബ്ദവും യഥാര്‍ത്ഥമാണോയെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല.
