ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻ്റ്-റിസർച്ചിൽ ഇ.ഡബ്ല്യു.എസ് സ്കോളർഷിപ്പോടെ മാനേജ്മെൻ്റ് ഡിപ്ലോമ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിനികളെയാണ് ഇയാൾ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പെൺകുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ വസന്ത് കുഞ്ച് നോർത്ത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയായ സ്വാമിയുടെ കൈവശം യു.എൻ. നമ്പർ പതിച്ച വ്യാജ നമ്പർ പ്ലേറ്റുള്ള ആഡംബര കാറുണ്ടെന്ന് പൊലീസ് അറിയിച്ചു. കാർ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരു നമ്പർ ആർക്കും നൽകിയിട്ടില്ലെന്ന് കണ്ടെത്തി.
advertisement
ശ്രീ ശൃംഗേരി മഠത്തിലെ അഡ്മിനിസ്ട്രേറ്ററായ പി.എ. മുരളിയാണ് പരാതി നൽകിയത്. പരാതി പ്രകാരം, ഇൻസ്റ്റിറ്റ്യൂട്ടിലെ പി.ജി.ഡി.എം. വിദ്യാർത്ഥിനിയായ ഒരു പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് ആരോപിക്കപ്പെടുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
കേസ് രജിസ്റ്റർ ചെയ്തതോടെ ലൈംഗിക പീഡന കേസിൽ പ്രതിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി ഒളിവിലെന്ന് പൊലീസ്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. 17 വിദ്യാർഥിനികൾക്ക് പീഡനം നേരിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. സ്വാമി ചൈതന്യാനന്ദ സരസ്വതിക്ക് ആശ്രമവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
"സ്വാമി പാർത്ഥസാരഥി എന്നറിയപ്പെട്ടിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി നിയമവിരുദ്ധവും അനുചിതവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. അതിനാൽ, പീഠം അദ്ദേഹവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. സ്വാമി നടത്തിയ നിയമവിരുദ്ധ പ്രവൃത്തികൾ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്." ആശ്രമം പ്രസ്താവനയിൽ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് 32 വിദ്യാർഥിനികളാണ് പൊലീസിന് മൊഴി നൽകിയത്. ഇതിൽ 17 പേർ തങ്ങളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായും, അശ്ലീല വീഡിയോകൾ പകർത്തിയതായും, അനാവശ്യമായ ശാരീരിക ബന്ധത്തിന് ഇരയാക്കിയതായും ആരോപിച്ചു. പ്രതിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഒരു വനിതാ ഫാക്കൽറ്റി നിർബന്ധിച്ചുവെന്നും വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും, ഹാർഡ് ഡിസ്കുകളും, എൻ.വി.ആർ. പോലുള്ള മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും ഡൽഹി പൊലീസ് പിടിച്ചെടുത്തു. തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പ്രതിയെ കണ്ടെത്താൻ നിരവധി പോലീസ് സംഘങ്ങൾ തിരച്ചിൽ നടത്തുന്നുണ്ട്.
സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ മുമ്പും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു. 2009-ലും 2016-ലുമാണ് ഇയാൾക്കെതിരെ കേസുകളുണ്ടായിരുന്നത്. 2009-ൽ ഡൽഹിയിലെ ഡിഫൻസ് കോളനിയിൽ വഞ്ചനാക്കുറ്റത്തിനും ലൈംഗിക പീഡനത്തിനും ഇയാൾക്കെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് 2016-ൽ വസന്ത് കുഞ്ചിൽ ഒരു യുവതി നൽകിയ ലൈംഗിക പീഡന പരാതിയിലും ഇയാൾ പ്രതിയായിരുന്നു.