അന്വേഷണത്തിന്റെ ഭാഗമായി റുവൈസിന്റെയും ഷഹനയുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റുവൈസിന്റെ ഫോണിലെ പലസന്ദേശങ്ങളും നീക്കംചെയ്തനിലയിലായിരുന്നു. ഇത് വീണ്ടെടുക്കാന്‍ സൈബര്‍ ഫോറന്‍സിക് പരിശോധന നടത്തും.
ഇതിനിടെ, ഡോ. ഇ എ റുവൈസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഷഹനയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം റുവൈസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.
advertisement
ബുധനാഴ്ചയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഇന്നലെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ ഇന്ന് റുവൈസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. ഇതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഡോ. ഷഹനയുടെ മരണത്തിൽ മെഡിക്കല്‍ കോളേജ് സിഐ പി ഹരിലാല്‍ ഷഹനയുടെ വീട്ടിലെത്തി ഉമ്മ, സഹോദരി എന്നിവരില്‍ നിന്നു മൊഴിയെടുത്തിരുന്നു. വിവാഹം കഴിക്കാമെന്ന് റുവൈസ് ഷഹനയ്ക്ക് വാഗ്ദാനം നൽകിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ഉയര്‍ന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹനയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
അതിനിടെ, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി ജി ഡോക്ടറായ ഇ എ റുവൈസിനെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് റുവൈസിനെതിരേ നടപടിയെടുത്തത്.