ഗ്രാമീണർ കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രക്തം പുരണ്ട് വിറയ്ക്കുന്ന നിലയിലായിരുന്ന കുഞ്ഞിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പ്രതികൂല സാഹചര്യങ്ങളെ എല്ലാം അതിജീവിച്ചാണ് ഈ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
കുട്ടിയെ ഉപേക്ഷിച്ച സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകരായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നന്ദൻവാഡി ഗ്രാമത്തിൽ റോഡ് ഘട്ടിനടുത്തെ വനത്തിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്. അതുവഴി കടന്നുപോയ ഒരാളാണ് പാറകൾക്കടുത്ത് നവജാതശിശു കിടക്കുന്നതുകണ്ട് പൊലീസിനെ അറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സംഘം കുഞ്ഞിനെ രക്ഷപ്പെടുത്തി പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കൂടുതൽ പരിചരണത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
advertisement
പ്രൈമറി സ്കൂൾ അധ്യാപകരായ ബാബ്ലു ദണ്ഡോളിയയും രാജ്കുമാരി ദണ്ഡോളിയയുമാണ് അറസ്റ്റിലായത്. 2009 മുതൽ സർക്കാർ സ്കൂളിൽ മൂന്നാം ക്ലാസിലെ അധ്യാപകരായി ജോലി ചെയ്യുന്ന ഇവർക്ക് 8, 6, 4 വയസ്സുള്ള മൂന്ന് കുട്ടികൾ വേറെയുമുണ്ട്. നാലാമത്തെ കുഞ്ഞിനെക്കൂടി ലഭിച്ചാൽ തങ്ങളുടെ അധ്യാപക ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുകയോ പിരിച്ചുവിടുകയോ ചെയ്യപ്പെടുമെന്ന് ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ഇവർ സമ്മതിച്ചു.
കുഞ്ഞിന് ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി വരുന്നുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അമർവാര എസ്.ഡി.ഒ.പി. കല്യാണി ബർക്കാഡെ അറിയിച്ചു.