വിമാനത്താവളത്തിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയ്ക്ക് ആദ്യം ഒല ആപ്പിൽ നിരക്ക് കാണിച്ചത് 730 രൂപയായിരുന്നു. എന്നാൽ ഇവരുടെ യാത്രയ്ക്ക് ശേഷം കാണിച്ച നിരക്ക് കണ്ട് വിദ്യാർത്ഥി ഞെട്ടുകയായിരുന്നു. ഏകദേശം 5,194 രൂപയാണ് ഡ്രൈവർ, വിദ്യാർഥിയായ അനുരാഗ് കുമാർ സിംഗിൽ നിന്ന് ഈടാക്കാൻ ശ്രമിച്ചത്.
കൊൽക്കത്തയിൽ നിന്ന് ബാംഗ്ലൂരിലെത്തിയതായിരുന്നു അനുരാഗ്. തുടർന്ന് വിമാനത്താവളത്തിൽ നിന്ന് നഗരത്തിലെ മത്തികെരെ ഭാഗത്തേക്ക് ഒല മിനി ടാക്സി ബുക്ക് ചെയ്യുകയും ചെയ്തു. പിന്നീട് വിമാനത്താവളത്തിലെ ടാക്സി ബേയിൽ വന്ന ആദ്യത്തെ കാറിൽ കയറാൻ ആയിരുന്നു നിർദ്ദേശം ലഭിച്ചത്. അങ്ങനെ തന്റെ യാത്രയ്ക്ക് 730 രൂപയാകും എന്ന് കണക്കൂകൂട്ടിയാണ് അനുരാഗ് യാത്ര തുടങ്ങിയത്. എന്നാൽ സ്ഥലത്ത് എത്തിയപ്പോൾ നൽകാനുള്ള നിരക്കിൽ ക്രമാതീതമായ വർദ്ധനയാണ് ഉണ്ടായതെന്ന് വിദ്യാർത്ഥി പറയുന്നു.
advertisement
" ഒടിപി ടൈപ്പ് ചെയ്തതിന് ശേഷം അദ്ദേഹം ആപ്പിൽ എന്റെ പേര് കണ്ടെത്തി. ഞങ്ങൾ ലൊക്കേഷനിൽ എത്തിയപ്പോൾ, ഡ്രൈവർ അയാളുടെ സ്ക്രീനിൽ കാണിച്ച തുക 5,194 രൂപയായിരുന്നു . ഞാൻ ഞെട്ടിപ്പോയി, കാരണം ഞാൻ ബാംഗ്ലൂർ മുഴുവൻ ചുറ്റിക്കറങ്ങിയാലും എനിക്ക് 5,000 രൂപ നൽകേണ്ടി വരില്ല " എന്നും അനുരാഗ് പറഞ്ഞു. തുടർന്ന് ആപ്പിൽ പരിശോധിച്ചപ്പോൾ തന്റെ യാത്ര ക്യാൻസൽ ചെയ്തതായും കണ്ടെത്തി.
" യാത്രയ്ക്കു ശേഷമുള്ള അവസാനത്തെ നിരക്ക് ബുക്ക് ചെയ്യുന്ന സമയത്ത് പറഞ്ഞ നിരക്കിനേക്കാൾ കൂടുതലാണെങ്കിൽ, കസ്റ്റമർ സപ്പോർട്ടിൽ പ്രശ്നം അറിയിച്ചാൽ റീഫണ്ട് ലഭിക്കുമെന്നും" സിംഗ് പറഞ്ഞു. എങ്കിലും ആ സാഹചര്യത്തിൽ 1,600 രൂപ അടച്ച് വിദ്യാർത്ഥിക്ക് പ്രശ്നം തീർപ്പാക്കേണ്ടി വന്നു. ഇത് യഥാർത്ഥ നിരക്കിനേക്കാൾ ഇരട്ടിയാണ്.
കൂടാതെ വിദ്യാർത്ഥിക്ക് കന്നട ഭാഷ കൃത്യമായി അറിയാത്തതു കൊണ്ട് തന്നെ മറ്റുള്ള ആളുകളുടെ സഹായത്തോടെ ഈ തുക നൽകി പ്രശ്നം പരിഹരിക്കേണ്ടി വരികയായിരുന്നു. എന്നാൽ പോലീസ് സ്റ്റേഷനിൽ വച്ച് പ്രശ്നം തീർക്കാമെന്ന് പറഞ്ഞപ്പോൾ ഫോണിൽ കാണിച്ച തുകയുടെ പകുതി കൊടുക്കാനായിരുന്നു ഡ്രൈവർ ആവശ്യപ്പെട്ടത് എന്നും വിദ്യാർത്ഥി പറയുന്നു.