ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ തുടക്കം മുതൽ പല സംശയങ്ങളും ഉയർന്നിരുന്നു. അതീവ സുരക്ഷയും ഒട്ടേറെ സിസിടിവികളും ഉള്ള ക്ഷേത്രത്തിൽ നിന്ന് എങ്ങനെ സ്വർണം നഷ്ടപ്പെടുന്നതെങ്ങനെയെന്ന ചോദ്യമാണ് ഉയർന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സ്വർണം കളഞ്ഞുകിട്ടിയെങ്കിലും അത് കവർച്ചാ ശ്രമമെന്നാണ് പൊലീസിന്റെ സ്ഥിരീകരണം.
കഴിഞ്ഞ ദിവസമാണ് ക്ഷേത്ര വളപ്പിലെ തന്നെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ 13 പവൻ നഷ്ടമായത്. അസിസ്റ്റന്റ് മുതൽപ്പടി ലോക്കറിൽ നിന്ന് പെട്ടിയിലുള്ള സ്വർണ്ണം കൊണ്ടുവരികയും എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ച് സ്വർണ്ണപ്പണിക്കാരന്റെ സഹായത്താൽ തൂക്കം ഉറപ്പാക്കുകയും ആണ് പതിവ് രീതി. പെട്ടിക്കുള്ളിൽ മറ്റൊരു സഞ്ചിയിലാണ് സ്വർണം സൂക്ഷിക്കുന്നത്.
advertisement
സ്വർണ്ണം നഷ്ടപ്പെട്ടു എന്ന് കണ്ടെത്തിയ ദിവസം ലോക്കറിൽ വച്ച് തന്നെ പെട്ടി തുറന്ന് സഞ്ചിയുമായി വരികയായിരുന്നു എന്നായിരുന്നു മൊഴി നൽകിയത്. സ്വർണ്ണം കൊണ്ടു വരുമ്പോൾ അസിസ്റ്റന്റ് മുതൽപ്പടിയും പൊലീസ് ഗാർഡും തമ്മിൽ അകലം ഉണ്ടാവുകയും ചെയ്തു. ഈ രണ്ടു കാര്യങ്ങളും സംഭവിക്കാൻ പാടില്ലാത്തതാണ്. അന്വേഷണം നടക്കുന്നതിനിടെയാണ് ക്ഷേത്ര പരിസരത്ത് പൊലീസ് നടത്തിയ തിരച്ചിലിൽ കുഴിച്ചിട്ട നിലയിൽ സ്വർണം കണ്ടെത്തിയത്.
20 പൊലീസുകാർ മണൽ ഇളക്കി നടത്തിയ പരിശോധനയിലാണ് സ്വർണം തിരികെ കിട്ടുന്നത്. ഈ ഭാഗത്ത് രണ്ട് സിസിടിവികളുണ്ട്. ഒന്നിൽ നിന്നും ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടില്ല. മറ്റൊരു ക്യാമറ തിരിച്ചുവച്ചിരിക്കുന്നത് ക്ഷേത്രത്തിലെത്തുന്നവരെ പരിശോധിക്കുന്ന ഭാഗത്തേക്കാണ്. അതിനാൽ സ്വർണം കിടന്ന ഭാഗത്ത് കൃത്യമായി എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും പൊലീസിന് വ്യക്തയില്ല.