പതിനാലംഗ ഗുണ്ടാ സംഘമാണ് രാത്രി അപ്രതീക്ഷിതമായ ആക്രമണം നടത്തിയത്. വടിവാളും മറ്റു മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. വാടകവീട്ടിൽ മൂന്നു യുവാക്കളും ഒരു യുവതിയും ആണ് ഉണ്ടായിരുന്നത്. ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർ ഖാൻ, തിരുവനന്തപുരം സ്വദേശിയായ ഷിനു എന്നിവരാണ് സംഘത്തിലെ യുവാക്കൾ.
കോട്ടയം പൊൻകുന്നം സ്വദേശിനിയായ യുവതിയും ഇവർക്കൊപ്പം വാടകവീട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർ ഖാൻ എന്നിവർക്ക് വെട്ടേറ്റു. ഗുണ്ടാസംഘം ആക്രമിക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി ഷിനു ഓടി രക്ഷപ്പെട്ടു. അക്രമി സംഘത്തിലുണ്ടായിരുന്ന യുവതിയായ ജ്യോതിക്കും പരിക്ക് പറ്റിയിട്ട് ഇല്ല.
advertisement
അക്രമം തുടങ്ങിയതോടെ ഇവർ വീട്ടിലെ ഒരുഭാഗത്ത് ഒളിച്ചിരുന്ന് രക്ഷപ്പെട്ടതായി ആണ് വിവരം. സംഭവത്തിൽ പരിക്കേറ്റ സാൻ ജോസഫിനെയും, അമീർ ഖാനെയും കോട്ടയം തിരുനക്കര യിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം എങ്ങനെ നടന്നു എന്നതിൽ പോലീസിന് വ്യക്തത വന്നിട്ടില്ല. ആശുപത്രിയിൽ കഴിയുന്ന സാൻ ജോസഫിനെയും, അമീർ ഖാനെയും പോലീസ് ചോദ്യം ചെയ്യാൻ ശ്രമിച്ചു. ഇവരുടെ ആരോഗ്യനില പരിഗണിച്ച് വിശദമായ ചോദ്യം ചെയ്യൽ പിന്നീട് നടത്താമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ തങ്ങൾക്ക് ഒന്നും അറിയില്ല എന്നാണ് സാൻ ജോസഫും, അമീർ ഖാനും പൊലീസിന് നൽകിയ വിവരം.
You may also like:അഞ്ഞൂറോളം ലാപ്ടോപ്പുകള്‍ മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് തമിഴ് സെല്‍വന്‍ പിടിയില്‍
അക്രമം നടത്തിയത് ആരാണെന്ന് പോലും അറിയില്ല എന്നും അമീർ ഖാനും സാൻ ജോസഫും പോലീസിന് മൊഴി നൽകി. ഇതോടെയാണ് പോലീസ് ഇരുട്ടിൽ ആയത്. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേരും ഇതേ മൊഴി പൊലീസിനോട് ആവർത്തിച്ചു എന്നാണ് ലഭ്യമാകുന്ന വിവരം.
പ്രാഥമികമായുള്ള വിവരശേഖരണം ആണ് പോലീസ് കഴിഞ്ഞ രാത്രി നടത്തിയത്. ഏതു ഗുണ്ടാ സംഘമാണ് അക്രമം നടത്തിയത് എന്നും പൊലീസിന് വ്യക്തത വന്നിട്ടില്ല. വീട് വാടകയ്ക്ക് എടുത്തവർ അല്ല അവിടെ താമസിച്ചിരുന്നത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ വരുമ്പോൾ യുവാക്കൾ എങ്ങനെ കോട്ടയത്തെത്തി എന്ന ചോദ്യം പോലീസ് അന്വേഷിച്ചു വരികയാണ്.
ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുന്ന ജോലിക്കായി ആണ് എത്തിയത് എന്നാണ് യുവാക്കൾ നൽകിയ മൊഴി. യുവതി ഇവർക്ക് ഭക്ഷണം പാകം ചെയ്തു നൽകുന്നതിന് എത്തിയതാണ് എന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഇവരുടെ മൊഴി പൂർണമായും വിശ്വസിക്കാൻ പോലീസ് തയ്യാറായിട്ടില്ല.
ജനവാസ മേഖലയിൽ നടന്ന ആക്രമണം പോലീസിനെയും ഞെട്ടിച്ചു. സംഭവത്തിൽ വൈകാതെ വ്യക്തത വരുത്തുമെന്നാണ് പൊലീസ് സംഘം പറയുന്നത്. കഴിഞ്ഞദിവസം പട്ടാപ്പകൽ ഗുണ്ടാനേതാവ് അലോട്ടി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം പോലീസിനെ ആക്രമിച്ചത് വലിയ ചർച്ചയായിരുന്നു.
അന്ന് കസ്റ്റഡിയിൽ കൊണ്ടുവന്ന അലോട്ടിക്ക് ഒപ്പം ഗുണ്ടകൾ ചേർന്നത് സുരക്ഷാ വീഴ്ചയായി ആണ് കണക്കാക്കപ്പെടുന്നത്. അതിനു തൊട്ടുപിന്നാലെയാണ് നഗരഹൃദയത്തിൽ തന്നെ മറ്റൊരു ഗുണ്ടാ ആക്രമണം.