ആഗസ്റ്റ് 12നാണ് സംഭവം നടന്നത്. എന്നാല്‍ നാട്ടുകാർ സ്കൂളിന് തീയിട്ടപ്പോൾ ആണ് വിവരം അറിഞ്ഞതെന്ന് പോലീസ് പറയുന്നു. സംഭവത്തിന്റേതെന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരു കൂട്ടം ആളുകൾ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കുകയും നീതി ആവശ്യപ്പെടുകയും ചെയ്തുകൊണ്ടാണ് സ്കൂളിന് തീയിട്ടതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോപണവിധേയമായ സംഭവം നടന്ന സമയത്ത് വിദ്യാർത്ഥിനിയുടെ കുടുംബം വിവരം അറിയിച്ചില്ലെന്നും, നിലവിൽ അധ്യാപകനെതിരെ കേസെടുത്തതായും പോലീസ് വ്യക്തമാക്കി.
അതേസമയം സർക്കാർ സ്വത്ത് നശിപ്പിച്ചതിന് പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്‌കൂളിലെ പുസ്തകങ്ങളും ബെഞ്ചുകളും അലമാരകളും ഉൾപ്പെടെയുള്ള വസ്തുക്കൾ നാട്ടുകാർ നശിപ്പിച്ചിട്ടുണ്ട്. തീ അണയ്ക്കാൻ അഗ്നിശമന സേനയോടൊപ്പം എത്തുമ്പോഴേക്കും സ്കൂളിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായും കരിംഗഞ്ച് എസ്പി പറഞ്ഞു.
advertisement
സ്കൂൾ അടച്ചുപൂട്ടണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം. നമ്മൾ നമ്മുടെ കുട്ടികളെ സ്‌കൂളിൽ അയക്കുന്നത് അവർ നല്ല മനുഷ്യരാകാൻ വേണ്ടിയാണ്. ഇങ്ങനെയുള്ള ഒരു അധ്യാപകനിൽ നിന്ന് അവർ എന്താണ് പഠിക്കുകയെന്നും നാട്ടുകാരിലൊരാൾ സംഭവത്തിൽ പ്രതികരിച്ചു. സമരക്കാർ റോഡ് ഉപരോധിച്ചെങ്കിലും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും ജില്ലാ ഭരണകൂടത്തിൻ്റെയും ഇടപെടലിൽ അത് ഇല്ലാതാക്കി.