സിദ്ദീഖിൻ്റെ കൊലപാതകത്തിൽ മൂന്നാമതൊരാൾ കൂടി പോലീസ് പിടിയിൽ ആയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി എന്ന് കരുതുന്ന ഷിബിലിയുടെ പെൺ സുഹൃത്ത് ഫർഹാനയുടെ സുഹൃത്താണ് പിടിയിലായ ആഷിക് എന്ന ചിക്കു. കൊലപാതകം നടക്കുമ്പോൾ ആഷിക് ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
Also read-ഹോട്ടലുടമയുടെ കൊലപാതകം: പ്രതികളെ കുടുക്കിയത് എടിഎം ഉപയോഗിച്ച് പണം പിൻവലിച്ചത്
ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയെ ജോലിയിൽനിന്ന് തന്റെ പിതാവ് പുറത്താക്കിയിരുന്നതായി സിദ്ദിഖിന്റെ മകൻ ഷഹദ് ന്യൂസ് 18 നോട് പറഞ്ഞു. ഷിബിലി ജോലിയിൽ അല്പം കുഴപ്പക്കാരനായിരുന്നു എന്നും സാമ്പത്തിക തിരിമറികൾ നടത്തിയിരുന്നതായും സിദ്ധിഖിൻ്റെ കുടുംബം പറയുന്നു. തുടർന്ന് ഇയാളെ കൊടുക്കാൻ ഉള്ള പണം എല്ലാം നൽകി പറഞ്ഞു വിടുക ആയിരുന്നു. സിദ്ദീഖിനെ കാണാതായ പതിനെട്ടാം തീയതി ആണ് ഇതെല്ലാം നടന്നത്. ഇതേ തുടർന്ന് ഉള്ള സംഭവങ്ങൾ ആകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നും കരുതുന്നു.
advertisement
അന്നേ ദിവസം വൈകുന്നേരം ഹോട്ടലിൽ നിന്ന് വിളിച്ചപ്പോൾ തലശ്ശേരിയിൽ ആണെന്ന് ആയിരുന്നു സിദ്ദീഖ് പറഞ്ഞത്. ഇതിന് ശേഷം സിദ്ദീഖിനെ ഫോണിൽ ലഭിച്ചിട്ടില്ല. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകം പുറത്ത് കൊണ്ട് വന്നത്. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവർ ലൊക്കേഷനുകൾ എന്നിവക്ക് ഒപ്പം സിദ്ധിഖിൻ്റെ എ ടി എം കാർഡ് വഴി പ്രതികൾ പണം പിൻവലിച്ചതും കേസിൽ നിർണായകമായി. സിദ്ധിഖിൻ്റെ മകൻ ഷഹദിൻ്റെ പേരിൽ ആയിരുന്നു എ ടി എം കാർഡ്. പല തവണയായി രണ്ട് ലക്ഷത്തോളം രൂപ ഇതിൽ നിന്ന് പിൻവലിച്ചു. പണമിടപാട് സംബന്ധിച്ച മെസ്സേജുകൾ ഷഹദിന് വന്നിരുന്നു. അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, പുലാമന്തോൾ വഴി ആണ് പ്രതികൾ പാലക്കാട് ജില്ലയിലേക്ക് കടന്നത്. ഇത് സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. തുടർന്ന് മൃതദേഹം അട്ടപ്പാടി ചുരത്തിൽ കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി തള്ളി പ്രതികൾ ചെന്നൈക്ക് കടക്കുക ആയിരുന്നു എന്നാണ് സൂചന.
സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയുമാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്. പ്രതികളെ ചെന്നൈയിൽ വെച്ച് തമിഴ്നാട് പൊലീസാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ കേരളാ പൊലീസ് ചെന്നൈയിലെത്തി കസ്റ്റഡിയിൽ വാങ്ങിയ ശേഷം മലപ്പുറത്തേക്ക് കൊണ്ടുവരും. ഷിബിലിന് 22 ഉം ഫർഹാനയ്ക്ക് 18 വയസുമാണ് പ്രായം.