ട്രെയിനിൽ മുന്നോട്ട് നീങ്ങാൻ ശ്രമിച്ചപ്പോൾ സിംഗ് തന്നെ തള്ളുകയും "മുന്നിൽ സ്ത്രീകൾ നിൽക്കുന്നത് കാണുന്നില്ലേ?" എന്ന് ചോദിക്കുകയും ചെയ്തതായി ഷിൻഡെ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഈ സമയം സ്ത്രീകൾ തിരിഞ്ഞു നോക്കിയത് തന്നെ അപമാനിക്കുന്നതിന് തുല്യമായി തോന്നി എന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും അയാൾ വെളിപ്പെടുത്തി. തുടർന്നുണ്ടായ ദേഷ്യത്തിൽ പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയ ഷിൻഡെ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് സിംഗിന്റെ വയറ്റിൽ പലതവണ കുത്തുകയായിരുന്നു.കുത്തേറ്റ സിംഗിനെ കാന്തിവിലിയിലെ ബാബാസാഹേബ് അംബേദ്കർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
advertisement
രക്തത്തിൽ കുളിച്ച് സിംഗ് നിലത്തു വീണതോടെ ഷിൻഡെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തുടർന്ന് കുരാർ പ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ, പ്രതിയുടെ പതിവ് സഞ്ചാരരീതികൾ എന്നിവയുടെ സഹായത്തോടെയായിരുന്നു അറസ്റ്റ്.ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 103 പ്രകാരം അറസ്റ്റ് ചെയ്ത ഷിൻഡെയെ ജനുവരി 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
നഴ്സി മോൻജി കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്സിലെ ഗണിതശാസ്ത്ര പ്രൊഫസറാണ് കൊല്ലപ്പെട്ട അലോക് കുമാർ സിംഗ്.മലാഡ് ഈസ്റ്റിലെ കുരാർ വില്ലേജിലുള്ള പ്രതാപ് നഗർ എസ്ആർഎ സൊസൈറ്റിയിൽ ഭാര്യയോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട അലോകിന്റെ പിതാവ് അനിൽ കുമാർ സിംഗ്.
