മാര്‍ച്ച് 22-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വകാര്യ സ്‌കൂള്‍ ടീച്ചറായിരുന്ന ബര്‍ക്കാ വാസ്‌നിക് ആണ് കൊല്ലപ്പെട്ടത്. പ്രാരംഭ അന്വേഷണത്തില്‍ ഇത് ഒരു റോഡ് അപകടമരണം മാത്രമായിരുന്നു. സ്‌കൂള്‍ വിട്ടതിനുശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബൊലേറോ ഇടിച്ചിടുകയായിരുന്നു. ദല്ലിരാജ്ഹാര മേഖലയില്‍ മാന്‍പൂര്‍ റോഡിലാണ് അപകടം നടക്കുന്നത്. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മധുര മാണ്ഡവിക്കും അപകടത്തല്‍ ഗുരുതരമായ പരിക്കുപറ്റി.
ഭര്‍ത്താവ് ശിഷ്പാല്‍ വാസ്‌നിക്കിനെതിരെയുള്ള ഡിജിറ്റല്‍ റെക്കോര്‍ഡുകളാണ് കേസില്‍ പോലീസിനെ നേര്‍ ദിശയിലേക്ക് നയിച്ചത്. ഭാര്യയെ കൊലപ്പെടുത്താനായി ഇയാള്‍ ഒരു വാടക കൊലയാളിയെ നിയമിച്ചതായി പോലീസ് കണ്ടെത്തി. ഇതോടെയാണ് ബലോഡ് ജില്ലയില്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് എന്‍ജിനീയറായ ശിഷ്പാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
advertisement
പ്രഥമ നിരീക്ഷണത്തില്‍ ഇടിച്ച വാഹനം നിര്‍ത്താതെ രക്ഷപ്പെട്ട് പോകുകയായിരുന്നു. എന്നാല്‍, അപകട മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബര്‍ക്കായുടെ കുടുംബം രംഗത്തുവരികയായിരുന്നു. യുവതിയുടെ സഹോദരി പ്രിയങ്ക ദാഹര്‍ ആണ് മരണത്തില്‍ സംശയം ഉന്നയിച്ചത്. ഇത് കേസ് പുനരന്വേഷിക്കാന്‍ പോലീസിനെ നയിച്ചു. അന്വേഷണത്തില്‍ പുറത്തുവന്ന സത്യം ആരെയും ഞെട്ടിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായിരുന്നു.
ഡിജിറ്റല്‍ തെളിവുകളാണ് കൊലയാളിയിലേക്ക് എത്തിച്ചത്. ബലോഡ് എസ്പി യോഗേഷ് പട്ടേലും സിഎസ്പി ചിത്ര വര്‍മ്മയുമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ശിഷ്പാല്‍ യുട്യൂബില്‍ നിരന്തരം കുറ്റകൃത്യ പരമ്പരകള്‍ കണ്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എങ്ങനെ കൊല്ലാം, തെളിവുകള്‍ എങ്ങനെ നശിപ്പിക്കാം, പോലീസിനെ എങ്ങനെ വഴിത്തിരിച്ചുവിടാം തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതായി കണ്ടെത്തി.
ശിഷ്പാലിന്റെ ഫോണിലെ വിവരങ്ങളും ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയുമാണ് നിര്‍ണായക തെളിവായത്. ലൊക്കേഷന്‍ വിവരങ്ങളില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമമാണ് കേസില്‍ ശിഷ്പാലിനെ കുടുക്കിയത്. സംഭവം നടക്കുന്ന ദിവസം ശിഷ്പാല്‍ അദ്ദേഹത്തിന്റെ ഫോണ്‍ ഒരു സഹപ്രവര്‍ത്തകന് നല്‍കി. വിവിധ സ്ഥലങ്ങളില്‍ നിന്ന് കോള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചാണ് ഫോണ്‍ കൈമാറിയത്. ഇത് പോലീസിനെ അന്വേഷണത്തില്‍ തെറ്റിദ്ധരിപ്പിക്കുമെന്നാണ് ശിഷ്പാല്‍ കരുതിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
60,000 രൂപയാണ് വാടക കൊലയാളിക്ക് ഭാര്യയെ കൊല്ലാന്‍ ഇയാള്‍ നല്‍കിയത്. ബിലായിലെ സുപ്പേളയില്‍ നിന്നുള്ള കയാമുദ്ദീന്‍ എന്നയാളെയാണ് ദൗത്യം ഏല്‍പ്പിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കൊലപാതകത്തിന് 60,000 രൂപ അദ്ദേഹത്തിന് നല്‍കി. ബര്‍ക്കാ സ്‌കൂള്‍ വിട്ടുവരുന്ന വഴിയില്‍ കുറ്റവാളികള്‍ സമയം ചെലവഴിക്കുകയും വിജനമായ സ്ഥലമാണ് അതെന്ന് ഉറപ്പാക്കുകയും ചെയ്തു.
നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വെള്ള ബൊലേറോ എസ്‌യുവി ആണ് കൊലപാതകത്തിന് ഉപയോഗിച്ചത്. ഭജ്‌റാങ്ബാലി ക്ഷേത്രത്തിനടുത്ത് ബര്‍ക്കായുടെ സ്‌കൂട്ടര്‍ വളച്ചപ്പോള്‍ ബൊലേറോ വന്നിടിക്കുകയായിരുന്നു. ബര്‍ക്കായും സുഹൃത്തും നിലത്തുവീണതോടെ ശിഷ്പാല്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ഒന്നിലധികം തവണ അവരുടെ തലയിലും പുറത്തും ഇരുമ്പ് വടികൊണ്ട് അടിച്ചു മരണം ഉറപ്പാക്കി. സംഭവ സ്ഥലത്തുനിന്നും ഇരുവരും ഉടന്‍ തന്നെ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്നു കുടുംബ വഴക്കാണ് ഈ കൊലപാതകത്തിന് കാരണം. 2016 ഏപ്രിലിലാണ് ബര്‍ക്കായും ശിഷ്പാലും വിവാഹിതരാകുന്നത്. കല്യാണം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളില്‍ തന്നെ ശിഷ്പാല്‍ നാല് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെടാന്‍ തുടങ്ങി. ഇതോടെ ബന്ധം വഷളാകുകയും വിവാഹമോചന കേസിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു.
ബര്‍ക്കാ നിരന്തരം ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഈ വാദങ്ങളെ പിന്തുണയ്ക്കുന്ന രേഖകളും വിവരങ്ങളും അവരുടെ സഹോദരി മാധ്യമങ്ങള്‍ക്ക് കൈമാറി. രണ്ട് ചെറിയ കുട്ടികളുണ്ട് ബര്‍ക്കായ്ക്ക്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകനും രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകളും. കുട്ടികള്‍ ഇപ്പോള്‍ അമ്മൂമ്മയുടെ കൂടെ ദുര്‍ഗിലാണ് താമസിക്കുന്നത്.
ബര്‍ക്കായെ അടിച്ചുകൊല്ലാന്‍ ഉപയോഗിച്ച ഇരുമ്പ് വടി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ള ബൊലേറോയും രണ്ട് പേരുടെ ഫോണുകളും വ്യാജ കോള്‍ വിവരങ്ങളുമെല്ലാം പോലീസ് കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിഷ്പാലിനെയും കയാമുദ്ദീനെയും പോലീസ് അറസ്റ്റ് ചെയ്തു. ഫോറന്‍സിക് തെളിവുകളുടെയും ഫീല്‍ഡ് അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ തെളിയിക്കപ്പെടുന്ന 'വ്യത്യസ്ഥമായ സംഭവം' എന്നാണ് എസ്പി യോഗേഷ് പട്ടേല്‍ ഈ കേസിനെ വിശേഷിപ്പിച്ചത്.