ന്യൂഅശോക് നഗർ നിവാസിയായ ശീതൾ, അങ്കിത് ഭതി എന്ന യുവാവുമായി കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഈസ്റ്റ് ഡൽഹിയിലെ ആര്യസമാജം ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാൽ ഈ ജനുവരിയിലാണ് വിവാഹ വിവരം ശീതൾ വീട്ടുകാരെ അറിയിച്ചത്. വിവരം അറിഞ്ഞ വീട്ടുകാർ ശീതളിനോട് വിവാഹബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ടു. ഇതിന് യുവതി വഴങ്ങാതെ വന്നതോടെ അച്ഛനും അമ്മയും ഉൾപ്പെടെയുള്ള ബന്ധുക്കൾ ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Also Read-'വന്ധ്യംകരണ സര്‍ക്കുലർ' വിവാദമായി: പിന്‍വലിച്ച് മധ്യപ്രദേശ് സർക്കാർ
advertisement
തുടർന്ന് മൃതദേഹം അലിഗഡിലെത്തിച്ച് ഒരു കനാലിൽ ഉപേക്ഷിച്ചു. തൊട്ടടുത്ത ദിവസം തന്നെ പൊലീസ് മൃതദേഹം കണ്ടെടുത്തെങ്കിലും ആരും അമ്പേഷിച്ച് വരാത്തതിനെ തുടർന്ന് അജ്ഞാത മൃതദേഹം എന്നു കരുതി സംസ്കരിച്ചു. ഫെബ്രുവരി 2നായിരുന്നു ഇത്. ഇതിനിടെ ഭാര്യയുടെ വിവരങ്ങൾ ഒന്നും അറിയാതെ ആയതിനെ തുടർന്ന് ഫെബ്രുവരി 18ന് അങ്കിത് പൊലീസില്‍ പരാതിയുമായി സമീപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ശീതളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തു വരുന്നത്. തുടർന്ന് അലിഗഡ് പൊലീസുമായി ബന്ധപ്പെട്ടപ്പോൾ കനാലിൽ നിന്ന് യുവതിയുടെ മൃതദേഹം ലഭിച്ചതും അത് സംസ്കരിച്ചതും സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന വസ്ത്രങ്ങളിൽ നിന്ന് അത് ശീതൾ തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
കൊലപാതക കുറ്റത്തിനാണ് ശീതളിന്റെ മാതാപിതാക്കൾ അടക്കം ആറു പേർക്കെതിരെ കേസ്. മാതാപിതാക്കളായ രവീന്ദ്ര-സുമൻ, അമ്മാവൻമാരായ സഞ്ജയ്, ഓം പ്രകാശ്, കസിൻ പര്‍വേശ്, മറ്റൊരു ബന്ധു അങ്കിത് എന്നിവരാണ് പൊലീസ് പിടിയിലായത്.