അസി. കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്നും കാമുകനെ രക്ഷിക്കാൻ പെൺകുട്ടി മെനഞ്ഞ കള്ളക്കഥയാണെന്നും തെളിയുകയായിരുന്നു.
എച്ച്.എം.ടി കോളനിയിലെ താമസക്കാരിയായ വിദ്യാർത്ഥിനി കൈയിൽ മുറിവേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെന്ന വിവരം തിങ്കളാഴ്ച്ച ഉച്ചയോടെയാണ് പൊലീസിന് ലഭിച്ചത്. പൊലീസ് സ്ഥലത്ത് എത്തി മൊഴിയെടുത്തപ്പോഴാണ് പെൺകുട്ടി ഇല്ലാക്കഥ പറഞ്ഞ് ഫലിപ്പിച്ചത്.
പെൺകുട്ടി തയ്യാറാക്കിയ കഥ ഇങ്ങനെ
പെരിങ്ങഴ പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി നടന്ന് വരുമ്പോൾ നാല് വയസ് പ്രായം തോന്നിക്കുന്ന കുട്ടി തന്റെ അടുത്തേക്ക് ഓടി വന്നു. മൂന്ന് പേർ മുഖം മൂടി ധരിച്ച് പിന്തുടർന്ന് എത്തി. കുട്ടിയെ എടുക്കുന്നതിനിടയിൽ മൂന്നുപേരും ചേർന്ന് തന്നെ അക്രമിച്ച് കുട്ടിയെ തട്ടി കൊണ്ട് പോയി ഇതായിരുന്നു ആ ഇല്ലാക്കഥ.
advertisement
ഇതുകേട്ട പൊലീസ് വിവിധ സംഘങ്ങളായി അന്വേഷണമാരംഭിച്ചു. സ്ഥലത്തെ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. സമീപവാസികളുടെ മൊഴികളും ശേഖരിച്ചു. അടുത്ത ദിവസങ്ങളിൽ ഏതെങ്കിലും കുഞ്ഞിനെ കാണാതായിട്ടുണ്ടോ എന്നുള്ള വിവരങ്ങളും തിരഞ്ഞു. പക്ഷെ അങ്ങനെയൊരു സംഭവത്തിന്റെ യാതൊരു തുമ്പും പൊലീസിന് ലഭിച്ചില്ല. തുടർന്നാണ് മൊഴി നൽകിയ പെൺകുട്ടിയെ നിരീക്ഷിക്കാനും വിശദമായി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചത്.
പൊലീസിന്റെ സംശയങ്ങൾ
പെൺകുട്ടിയുടെ ഇടത് കൈത്തണ്ടയിലാണ് മുറിവേറ്റിരുന്നത്. ആഴത്തിലുള്ള മുറിവായിരുന്നില്ലെന്ന് പൊലീസ് മനസ്സിലാക്കി.
അതുകൊണ്ടുതന്നെ കുട്ടി സ്വയം മുറിച്ചതാകാം എന്ന ധാരണയിൽ പൊലീസെത്തുകയായിരുന്നു.കൂടാതെ കുടുംബാംഗങ്ങളുമായി വിശദമായി സംസാരിച്ചപ്പോഴാണ് പ്രണയത്തെ കുറിച്ച് സൂചന ലഭിച്ചത്. ഒടുവിൽ കാമുകനെ ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ യാഥാർത്ഥ്യം പുറത്ത് വന്നു.
യഥാർത്ഥത്തിൽ സംഭവിച്ചത്
കാമുകനുമായി വഴക്കിട്ടതിനെ തുടർന്നാണ് പെൺകുട്ടി കൈതണ്ട മുറിച്ചത്. മുറിവ് ഗുരുതരമല്ലായിരുന്നെങ്കിലും കാമുകൻ തന്നെയാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവം കാമുകന് പ്രശ്നം ആകാതിരിക്കാൻ ഇരുവരും ചേർന്ന് സിനിമാ സ്റ്റൈൽ കഥ മെനയുകയായിരുന്നു. ഇക്കാര്യങ്ങൾ പിന്നീട് പെൺകുട്ടിയും പൊലീസിനോട് സമ്മതിച്ചു.
ഇതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചുള്ള അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. പൊലീസിനെ വട്ടംചുറ്റിച്ച പെൺകുട്ടിക്കും കാമുകനുമെതിരെ കേസൊന്നും രജിസ്റ്റർ ചെയ്യേണ്ടെന്നാണ് നിലവിൽ പൊലീസിന്റെ തീരുമാനം.
Also Read- ആരോപണവിധേയനായ പ്രസ്ക്ലബ് സെക്രട്ടറിക്ക് ചാണകവെള്ളം; പ്രതിഷേധവുമായി വനിതാ മാധ്യമപ്രവർത്തകർ