ആരോപണവിധേയനായ പ്രസ്ക്ലബ് സെക്രട്ടറിക്ക് ചാണകവെള്ളം; പ്രതിഷേധവുമായി വനിതാ മാധ്യമപ്രവർത്തകർ
Last Updated:
മനേജിങ് കമ്മിറ്റി യോഗം നടന്ന മുറിയിലേക്ക് വനിതാ മാധ്യമപ്രവർത്തകർ തള്ളിക്കയറി
തിരുവനന്തപുരം: സഹപ്രവർത്തകയെയും കുടുംബത്തെയും സദാചാര പൊലീസ് ചമഞ്ഞ് അപമാനിച്ചെന്ന ആരോപണം നേരിടുന്ന തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിക്കെതിരെ വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. എം രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ പ്രസ് ക്ലബ് ഓഫീസ് ഉപരോധിച്ചു. മനേജിങ് കമ്മിറ്റി യോഗം നടന്ന മുറിയിലേക്ക് ഇടിച്ചു കയറിയ വനിതകൾ സെക്രട്ടറിക്കായി ചാണകവെള്ളം നിറച്ച കുപ്പി സമ്മാനിച്ചു.
സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും മുറിക്ക് പുറത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച വനിതകൾ, രാധാകൃഷ്ണനെ പുറത്താക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അറിയിച്ചു. പ്രസിഡന്റ് സോണിച്ചൻ ജോസഫും മാനേജിങ് കമ്മിറ്റി അംഗങ്ങളും നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
ശനിയാഴ്ച രാത്രി പത്തുമണിയോടെ യുവതിയുടെ സഹപ്രവര്‍ത്തകന്‍ വീട്ടിലെത്തിയതിനെ ചോദ്യം ചെയ്താണ് രാധാകൃഷ്ണനും സംഘവും ഏഴും എട്ടും വയസുള്ള രണ്ടു കുട്ടികളുമായി കഴിയുന്ന മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തത്. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു പ്രസ് ക്ലബ് സെക്രട്ടറിയും സംഘവുമെത്തിയതെന്നാണ് പരാതി.
advertisement
സദാചാര ഗുണ്ടായിസത്തിന് ഇരയായ മാധ്യമപ്രവർത്തകക്കെതിരെ രാധാകൃഷ്ണൻ അപവാദ പ്രചരണം നടത്തുന്നുവെന്ന് കാട്ടി വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ നെറ്റ് വർക്ക് ഓഫ് വിമൺ ഇൻ മീഡിയ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
സംഭവത്തിൽ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രസ് ക്ലബ് സെക്രട്ടറിയെ കൂടാതെ പേട്ട സ്വദേശികളായ അശ്വിന്‍, അഡ്വ. രാധികാ ദേവി, ഹരി, അനീഷ് എന്നിവരെ പ്രതികളാക്കിയാണ് പേട്ട പൊലീസ് കേസെടുത്തത്. ഐ.പി.സി 143, 147, 149, 323, 342, 354, 451 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 05, 2019 12:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരോപണവിധേയനായ പ്രസ്ക്ലബ് സെക്രട്ടറിക്ക് ചാണകവെള്ളം; പ്രതിഷേധവുമായി വനിതാ മാധ്യമപ്രവർത്തകർ