കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽവച്ച് ഇളയ സഹോദരൻ രഞ്ജു കുര്യനെയും മാതൃ സഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയയെയും (പൂച്ചക്കൽ രാജു) ജോർജ് കുര്യൻ വെടിവച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.2022 മാർച്ച് 7നായിരുന്നു കേസിനാസ്പദമായ സംഭവം. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലയ്ക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.സംഭവ സമയം വീട്ടിലുണ്ടായിരുന്ന രഞ്ജു കുര്യന്‍റെയും ജോർജ് കുര്യന്‍റെയും മാതാപിതാക്കളടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
advertisement
കാഞ്ഞിരപ്പള്ളിയിലെ ഉയർന്ന സാമ്പത്തിക ഭദ്രതയുള്ള പുരാതന കുടുംബത്തിലെ അംഗമായ കരിമ്പനാൽ ജോർജ് കുര്യന്റെ സാമ്പത്തിക തകർച്ചയാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. പ്ലാന്റേഴ്സ് കുടുംബമാണ് കരിമ്പനാൽ. കരിമ്പനാൽ കുര്യന്റെ മക്കളായ ജോർജും രഞ്ജുവും കളിച്ചു വളർന്ന കുടുംബവീട്ടിലാണ് രണ്ടുപേർ കൊല ചെയ്യപ്പെട്ടത്.ഫ്ലാറ്റ് നിർമാണ വ്യാപാര രംഗത്ത് സജീവമായ ജോർജിന് പെട്ടന്നുണ്ടായ സാമ്പത്തിക ബാധ്യത പരിഹരിക്കാനാണ് പിതാവ് കുടുംബ വീടിനോട് ചേർന്ന് രണ്ടര ഏക്കർ നൽകിയത്. ഇതിലെ അമർഷം സഹോദരങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾക്കിടയാക്കി. തന്റെ സ്വയരക്ഷക്കാണ് വെടിവെക്കേണ്ടി വന്നതെന്നാണ് ജോർജ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ, കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നായിരുന്നു പൊലീസിന്റെ വാദം.
സംഭവത്തിനു പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിവേഗത്തിൽ വിചാരണയും പൂർത്തിയാക്കിയെങ്കിലും വിചാരണ കാലയളവിൽ പ്രോസി ക്യൂഷൻ ഹാജരാക്കിയ സാക്ഷികളിൽ ഭൂരിഭാഗവും കൂറുമാറി. എന്നാൽ ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണായകമായി.വീടുകയറി ആക്രമിക്കൽ, ആയുധം കയ്യിൽ വയ്ക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ ,തുടങ്ങി പോലീസ് ചുമത്തിയ കുറ്റങ്ങളെല്ലാം തെളിയിക്കാൻ കഴിഞ്ഞു. നീണ്ടുപോയ വിചാരണ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് വേഗത്തിലായത്.
ഹൈദരാബാദ് സെൻട്രൽ ഫോറൻസിക് ലബോറട്ടറിയിലെ അസിസ്റ്റൻറ് ഡയറക്ടറും ബാലിസ്റ്റിക് വിദഗ്ധനുമായ ഡോ. എസ് എസ് മൂർത്തി നേരിട്ട് ഹാജരായി നൽകിയ മൊഴിയും കേസിൽ നിർണായകമായി. കൊലയ്ക്ക് ഉപയോഗിച്ച റിവോൾവർ കൊണ്ട് തന്നെയാണ് വെടിയേറ്റതെന്നായിരുന്നു ഇദ്ദേഹത്തിന്റെ മൊഴി. പ്രതി ഉപയോഗിച്ച തോക്കുകൊണ്ട് ബാലിസ്റ്റിക്ക് വിദഗ്ധൻ വെടിവച്ചു പരിശോധിക്കുകയും ചെയ്തിരുന്നു.
ആസൂത്രിതമായാണ് പ്രതി കൊലപാതകം നടത്തിയതെന്നും പ്രതിക്ക് കൊലപാതകത്തിൽ പശ്ചാത്താപം ഇല്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി എസ് അജയൻ, അഡ്വ. നിബു ജോൺ, അഡ്വ. സ്വാതി എസ് ശിവൻ എന്നിവരാണ് ഹാജരായത്.