ഡിസംബര്‍ രണ്ടിനാണ് സംഭവം നടന്നത്. എന്നാല്‍ അന്വേഷണത്തിനിടെ യുവതിയുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതായി പൊലീസ് കണ്ടെത്തി. മടിവാല പൊലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി ആദ്യം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് ബനസവാഡി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
കുറ്റാരോപിതനായ ക്യാബ് ഡ്രൈവര്‍ സുരേഷിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ പരാതിക്കാരിയായ യുവതിയുമായി തനിക്ക് കുറച്ചുകാലത്തെ പരിചയമുണ്ടെന്ന് അയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആദ്യമായി അവര്‍ കാബ് ബുക്ക് ചെയ്തപ്പോള്‍ മുതല്‍ യുവതിയുമായി സൗഹൃദത്തിലായിരുന്നുവെന്നും സുരേഷ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
advertisement
അവര്‍ തമ്മിലുള്ള ശാരീരിക ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നുവെന്നും അയാള്‍ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ വാദം സ്ഥിരീകരിക്കുന്നതിനുള്ള വാട്‌സാപ്പ് ചാറ്റുകളും സുരേഷ് ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാക്കി. ഇതോടെ യുവതിയുടെ മൊഴി വീണ്ടും പരിശോധിച്ച പൊലീസ് പൊരുത്തക്കേടുകള്‍ കണ്ടെത്തുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും കേരളത്തില്‍ നിന്നുള്ളവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. അടുത്തിടെ ഒരു പാര്‍ട്ടിയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തതായും പൊലീസ് കണ്ടെത്തി. ഈ സമയത്ത് യുവതിയുടെ കഴുത്തില്‍ ചെറിയ പരിക്ക് പറ്റിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
കൂട്ട ബലാത്സംഗത്തിന് ഇരയായതായുള്ള പെണ്‍കുട്ടിയുടെ ആരോപണം കെട്ടിച്ചമച്ചതാണോ എന്നാണ് ഇപ്പോള്‍ പൊലീസ് സംശയിക്കുന്നത്. ആണ്‍ സുഹൃത്തില്‍ നിന്നും സുരേഷുമായുള്ള ബന്ധം മറച്ചുവെക്കുന്നതിനും കഴുത്തിലെ മുറിവിന്റെ കാര്യത്തില്‍ വിശദീകരണം നല്‍കാനും വേണ്ടിയായിരിക്കാം ഈ കഥ മെനഞ്ഞതെന്നും പൊലീസ് പറയുന്നു. കാമുകനൊപ്പമാണ് യുവതി പരാതി നല്‍കാന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്.
എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായിട്ടും ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കുറ്റം ആരോപിക്കപ്പെടുന്ന ക്യാബ് ഡ്രൈവറുടെ സുഹൃത്ത് ആ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
