പൊലീസിന്റെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാൻ അഥീന തയ്യാറായിട്ടില്ല. അഥീനയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വിഷം അൻസില്‍ കൊണ്ടുവന്നതാണെന്നാണ് അഥീന ആദ്യം നല്‍കിയ മൊഴി. എന്നാല്‍, പോലീസ് ഇത് വിശ്വസിച്ചില്ല.യുവതി ദിവസങ്ങൾക്കു മുൻപേ കളനാശിനി വാങ്ങിവച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. 'അവള്‍ വിഷം നല്‍കി... എന്നെ ചതിച്ചു' എന്ന് ആംബുലൻസില്‍ വെച്ച് ബന്ധുവിനോടും ഡോക്ടറോടും അൻസില്‍ വെളിപ്പെടുത്തിയത് നിർണായകമായി.
മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) വ്യാഴാഴ്ചയാണ് മരിച്ചത്. രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍വെച്ച് അന്‍സില്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിനിയായ 30കാരി അഥീനയെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്.
advertisement
അടുപ്പക്കാരായിരുന്ന അൻസിലും അഥീനയും ഇടയ്ക്ക് പിണങ്ങിയിരുന്നു. പിന്നീട് അൻസില്‍ തന്നെ വീട്ടിൽ വച്ച് മർദിച്ചതായും അഥീന മുൻപ് പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് കോടതി മുഖേന ഒത്തുതീർപ്പാക്കിയതുമാണ്. ഒത്തുതീർപ്പ് പ്രകാരം നല്‍കേണ്ട പണം അൻസില്‍ നല്‍കാതിരുന്നതാണ് അഥീനയെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ടിപ്പർ, ജെസിബി തുടങ്ങിയവ വാടകയ്ക്ക് നല്‍കിയിരുന്ന അൻസിലിന് വാഹന കച്ചവടവും ഉണ്ടായിരുന്നു. അൻസലിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. എസ്‌എച്ച്‌ഒ പി.ടി. ബിജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. കോടതിയില്‍ ഹാജരാക്കിയ അഥീനയെ റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ പ്രതി നിരന്തരം മൊഴിമാറ്റുന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. കൃത്യത്തിനുശേഷം അൻസിലിന്റെ മൊബൈല്‍ വീടിനുസമീപം കാട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് എടുത്തുമാറ്റുകയും ചെയ്തു. പോലീസ് എത്തി കാട് വെട്ടിനീക്കി ഫോണ്‍ കണ്ടെടുത്തു. ഫോണ്‍ പരിശോധനയ്ക്ക് അയക്കും. അതുപോലെ ഹാർഡ് ഡിസ്ക് വീണ്ടെടുത്താല്‍ നിർണായക വിവരം ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം. അയല്‍വാസികളുമായി ബന്ധമില്ലാതെയാണ് അഥീന താമസിച്ചിരുന്നത്. മാതാവിന്റെ മരണശേഷമാണ് അഥീന മാലിപ്പാറയിലെ വീട്ടിലേക്ക് താമസമായത്. മറ്റ് ബന്ധുക്കളുമായും അഥീനയ്ക്ക് അടുപ്പമില്ലെന്നാണ് വിവരം.