വേങ്ങേരി കൊടക്കാട് വീട്ടിൽ താമസിക്കുന്ന 76 വയസ്സുള്ള വയോധികയെയാണ് മകനായ സലിൽ കുമാർ നിരന്തരമായി ഉപദ്രവിച്ചതും ആക്രമിച്ചതും. വീടും സ്ഥലവും ബാങ്കിലുള്ള ഡിപ്പോസിറ്റും തന്റെ പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മകന്റെ അതിക്രമം.
സംഭവദിവസം വെള്ളിയാഴ്ച ഉച്ചയ്ക്ക് വയോധിക മുറിയിലിരിക്കുമ്പോൾ പ്രതി വാതിൽ തള്ളിത്തുറന്ന് അകത്തുകടന്നു. തുടർന്ന് ചീത്തവിളിക്കുകയും സ്വത്തുക്കൾ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് കൈകൊണ്ട് നെഞ്ചിൽ കുത്തുകയും മുഖത്തടിക്കുകയും ചെയ്തു. സ്വത്ത് ഇപ്പോൾ എഴുതി നൽകില്ലെന്ന് വയോധിക പറഞ്ഞപ്പോൾ റൂമിലുണ്ടായിരുന്ന നിലവിളക്കെടുത്ത് തലയ്ക്ക് അടിക്കാൻ ശ്രമിച്ചതായും പോലീസ് അറിയിച്ചു. വീട്ടിലെ ബഹളം കേട്ട് ഓടിയെത്തിയ അടുത്ത വീട്ടിലെ യുവാവാണ് പ്രതിയെ പിടിച്ചുമാറ്റി വയോധികയെ രക്ഷിച്ചത്.
advertisement
തുടർന്ന്, വയോധിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണസംഘം പ്രതിയെ വേങ്ങേരിയിൽവെച്ച് കസ്റ്റഡിയിലെടുത്തു. ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്റെ നിർദേശപ്രകാരം എസ്.ഐമാരായ റഷീദ്, മിജോ, എ.എസ്.ഐ. വിജേഷ്, സി.പി.ഒ. ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
